മമതയെ പുകഴ്ത്തിയതിന് പിന്നാലെ മുൻ ഗോവ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫലേറൊ കോൺഗ്രസ് വിട്ടു
text_fieldsപനാജി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പുകഴ്ത്തി മണിക്കൂറുകൾ പിന്നിടുന്നതിന് മുേമ്പ മുൻ ഗോവ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫലേറൊ കോൺഗ്രസ് വിട്ടു. തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന അഭ്യുഹങ്ങൾക്ക് ശക്തി പകർന്നാണ് അദ്ദേഹം കോൺഗ്രസുമായുള്ള 40 വർഷം നീണ്ട ബന്ധം അവസാനിപ്പിച്ചത്.
മഹിള കോൺഗ്രസ് ദേശീയ അധ്യക്ഷയായിരുന്ന സുഷ്മിത ദേബിന് ശേഷം കോൺഗ്രസ് വിട്ട് ടി.എം.സിയിലേക്ക് ചേക്കേറുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ് ഇദ്ദേഹം. ത്രിപുരയിൽ സുഷ്മിതക്ക് ടി.എം.സിയുടെ സുപ്രധാന ചുമതലകൾ നൽകിയിരുന്നു. കോൺഗ്രസ് താരതമ്യേന ദുർബലമായിക്കൊണ്ടിരിക്കുന്ന ഗോവയിൽ കടന്നു കയറാനുള്ള ശ്രമത്തിലാണ് ആം ആദ്മി പാർട്ടിയും തൃണമൂലും.
കോൺഗ്രസുകാരനായിരിക്കേ 2019ലെ ത്രിപുര നിയമസഭ തെരഞ്ഞെപ്പിന്‍റെ ചുമതലകൾ വഹിച്ച ഫലേറോയുടെ വരവ് വടക്ക്കിഴക്കൻ സംസ്ഥാനത്തും പാർട്ടിക്ക് ഗുണകരമാകുമെന്നാണ് മമതയുടെ കണക്കുകൂട്ടൽ.
തിങ്കളാഴ്ചയാണ് ലൂസിഞ്ഞോ ഫലേറൊ മമത ബാനർജിയെ പുകഴ്ത്തി രംഗത്തെത്തിയത്. കോൺഗ്രസിൽനിന്ന് താൻ ഒരുപാട് കഷ്ടപാടുകൾ അനുഭവിച്ചിട്ടുണ്ടെന്നും ഇപ്പോൾ ഗോവക്കാരുടെ കഷ്ടതകൾ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും ലൂസിഞ്ഞോ പറഞ്ഞു.നവേലിം മണ്ഡലത്തിലെ എം.എൽ.എ സ്ഥാനം അദ്ദേഹം രാജിവെച്ചു. രാജിക്കത്ത് സ്പീക്കർ രാജേഷ് പട്നേക്കറിന് തിങ്കളാഴ്ച അദ്ദേഹം കൈമാറുകയും ചെയ്തു. രാജിക്കത്ത് കൈമാറിയതിന് ശേഷം നൂറോളംവരുന്ന ആളുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മാന്യമായ നിശബ്ദത പാലിച്ച് എല്ലാം ഞാൻ സഹിച്ചു. ഞാൻ ഇത്രമാത്രം കഷ്ടപാടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ കോൺഗ്രസിന് വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ച ഗോവക്കാരുടെ അവസ്ഥ ചിന്തിച്ചുനോക്കൂ. ഈ കഷ്ടപാടുകൾ അവസാനിപ്പിക്കണം. ഗോവയിൽ പുതിയ പ്രഭാതം കൊണ്ടുവരണം' -അദ്ദേഹം പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിന്‍റെയും തെരുവ് പോരാളിയുടെയും പ്രതീകമാണ് മമത ബാനർജിയെന്ന് ലൂസിഞ്ഞോ പറഞ്ഞു. 'സ്ത്രീ ശാക്തീകരണത്തിന്‍റെയും തെരുവ് പോരാളികളുടെയും പ്രതീകമാണ് മമത. വിഭജന ശക്തികളോട് പോരാടുകയാണ് അവർ. ബി.ജെ.പിക്ക് നേരിട്ടുള്ള വെല്ലുവിളിയും അവർ ഉയർത്തുന്നു. ഗോവയിൽ വരാനും ചുമതല ഏറ്റെടുക്കാനും ഞാൻ മമതയോട് അഭ്യർഥിക്കുന്നു' -ലൂസിഞ്ഞോ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.