അഫ്സൽ അൻസാരിക്ക് നാലു വർഷം തടവ്; എം.പി സ്ഥാനം പോകും
text_fieldsന്യൂഡൽഹി: യു.പിയിലെ ഗാസിപുരിൽ നിന്നുള്ള ബി.എസ്.പി എം.പി അഫ്സൽ അൻസാരിക്ക് ക്രിമിനൽ കേസിൽ നാലു വർഷത്തെ തടവുശിക്ഷ. ഇതോടെ അൻസാരിയുടെ ലോക്സഭാംഗത്വം റദ്ദാക്കപ്പെടും.
ഗുണ്ട നിയമപ്രകാരമുള്ള കേസിലാണ് ഗാസിപുരിലെ എം.പി-എം.എൽ.എ സെഷൻസ് കോടതി അഫ്സൽ അൻസാരിക്ക് തടവ് വിധിച്ചത്. ജനപ്രാതിനിധ്യ നിയമം 102-8(1) പ്രകാരം അൻസാരി എം.പി സ്ഥാനത്തിന് അയോഗ്യനാണ്. നിയമപ്രകാരം രണ്ടു വർഷമോ അതിൽ കൂടുതലോ ആണ് ശിക്ഷാകാലമെങ്കിൽ എം.പി സ്ഥാനം നഷ്ടപ്പെടും. മുൻ എം.എൽ.എ മുഖ്താർ അൻസാരിയുടെ സഹോദരനാണ് അഫ്സൽ അൻസാരി. മുഖ്താർ അൻസാരിയെ 10 വർഷത്തെ തടവിനും ശിക്ഷിച്ചു.
രണ്ടു പേർക്കുമെതിരെ ഗുണ്ട നിയമപ്രകാരം 2007ൽ കേസ് രജിസ്റ്റർ ചെയ്തത് രണ്ടു സംഭവങ്ങളിലാണ്. വി.എച്ച്.പി ഭാരവാഹി നന്ദ്കിഷോർ രുങ്തയെ 1996ൽ തട്ടിക്കൊണ്ടുപോയതാണ് ഒരു കേസ്. ബി.ജെ.പി എം.എൽ.എ കൃഷ്ണാനന്ദ് റായിയെ 2005ൽ കൊലപ്പെടുത്തിയതാണ് മറ്റൊന്ന്. മുഖ്താർ അൻസാരിക്ക് അഞ്ചു ലക്ഷം രൂപയും അഫ്സൽ അൻസാരിക്ക് ലക്ഷം രൂപയും പിഴ ചുമത്തി.
അഫ്സൽ അൻസാരിയെ ശിക്ഷ വിധിച്ച സമയത്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. അഞ്ചുവട്ടം എം.എൽ.എയായതിനൊടുവിൽ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ബാണ്ട ജയിലിൽ കഴിയുന്ന മുഖ്താർ അൻസാരി വിഡിയോ കോൺഫറൻസ് വഴിയാണ് ശിക്ഷാവിധി കേട്ടത്.
മാനനഷ്ട കേസിൽ രണ്ടു വർഷത്തെ തടവിന് ശിക്ഷിച്ചതിനു തൊട്ടുപിന്നാലെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനത്തിന് അയോഗ്യത കൽപിച്ചത്. വധശ്രമ കേസിൽ 10 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെയും അയോഗ്യനാക്കിയെങ്കിലും അപ്പീൽ നടപടികളിലൂടെ എം.പി സ്ഥാനം തിരിച്ചുപിടിക്കാൻ അദ്ദേഹത്തിനായി. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്‍റെ അപ്പീൽ ഗുജറാത്ത് സെഷൻസ് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. യു.പിയിൽ അഅ്സംഖാൻ (രാംപുർ), മകൻ അബ്ദുല്ല അസ്സം (സുവാർ), ബി.ജെ.പിയിലെ വിക്രം സെയ്നി (ഖട്ടോളി-മുസഫർനഗർ) എന്നിവർക്ക് നിയമസഭാംഗത്വം നഷ്ടമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.