രാഹുലിന് പിന്നാലെ ഖാർഗെയുടെ പ്രസംഗ ഭാഗങ്ങളും നീക്കി
text_fieldsന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത രാഹുൽ ഗാന്ധിയുടെ അദാനിക്കെതിരായ പ്രസംഗം ലോക്സഭ സ്പീക്കർ നീക്കിയതിന് പിന്നാലെ രാജ്യസഭയിൽ ഖാർഗെ നടത്തിയ പ്രസംഗത്തിലെ ആറ് പരാമർശങ്ങൾ ചെയർമാൻ ജഗ്ദീപ് ധൻഖറും സഭാരേഖകളിൽനിന്ന് നീക്കം ചെയ്തു.
രാജ്യത്തെ വിദ്വേഷ പ്രചാരകരോട് മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനിബാബയാണെന്ന് പറഞ്ഞതടക്കമുള്ള പരാമർശങ്ങളാണ് നീക്കിയത്. ചെയർമാന്റെ ഏകപക്ഷീയമായ നടപടിയെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ വിമർശിച്ചു.
ബി.ജെ.പിയുടെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി കോൺഗ്രസ് മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിനെ മൗനിബാബയെന്ന് വിളിച്ചത് സഭാ രേഖകളിൽ കിടക്കുമ്പോൾ താൻ നരേന്ദ്ര മോദിയെ മൗനിബാബ എന്നു വിളിച്ചതുമാത്രം എങ്ങനെ നീക്കം ചെയ്യുമെന്ന് ഖാർഗെ ചോദിച്ചു.
താൻ ഉപയോഗിച്ച വാക്കുകളിൽ സംശയമുണ്ടെങ്കിൽ അക്കാര്യം തന്നോട് ചൂണ്ടിക്കാട്ടിയ ശേഷമാണ് രേഖകളിൽനിന്ന് നീക്കേണ്ടിയിരുന്നതെന്നും ഖാർഗെ പറഞ്ഞു. ഈ വിഷയം ഉന്നയിക്കാൻ കോൺഗ്രസിന്റെ വിപ്പ് കൂടിയായ ജയറാം രമേശിനെ അനുവദിക്കാതിരുന്ന ചെയർമാന്റെ നടപടിയും ഖാർഗെ ചോദ്യം ചെയ്തു.
ഹാർവഡിൽ പഠിച്ച മിടുക്കനായ, നിരവധി ഭാഷകൾ അറിയുന്ന, സഭാ ചട്ടങ്ങളിൽ ഗ്രാഹ്യമുള്ള ജയറാം രമേശിന് ഒന്നും അറിയില്ലെന്ന് ചെയർമാൻ കരുതേണ്ടെന്നും ഖാർഗെ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.