താക്കറെയുടെ ആഹ്വാനം; മുസ്ലിം പള്ളിക്ക് മുന്നിൽ ഹനുമാൻ കീർത്തനം പാടി എം.എൻ.എസ് പ്രവർത്തകർ
text_fieldsമുംബൈ: എം.എൻ.എസ് നേതാവ് രാജ് താക്കറെയുടെ ആഹ്വാന പ്രകാരം മുസ്ലിം പള്ളിക്ക് മുന്നിൽ ഉച്ചഭാഷിണിയിലൂടെ ഹനുമാൻ കീർത്തനം പാടി പ്രവർത്തകർ. മുംബൈ ചാർകോപ് മേഖലയിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം.
പള്ളിയിൽ ബാങ്കുവിളിക്കുമ്പോൾ പുറത്ത് എം.എൻ.എസ് പ്രവർത്തകർ പാർട്ടി പതാകയുമായെത്തി ഹനുമാൻ കീർത്തനം പാടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. താനെ നഗരത്തിലെ ഇന്ദിര നഗറിലും നവി മുംബൈയിലെ പള്ളിക്ക് മുമ്പിലും എം.എൻ.എസ് ഹനുമാൻ കീർത്തനം പാടി.
ഉച്ചഭാഷിണിയിലൂടെ ബാങ്കുവിളിക്കുന്ന പള്ളികൾക്ക് മുന്നിൽ ഹനുമാൻ കീർത്തനം പാടുമെന്ന് രാജ് താക്കറെ നേരത്തെ പ്രസ്താവിച്ചിരുന്നു. മേയ് മൂന്നിനകം ഉച്ചഭാഷിണികൾ നീക്കണമെന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
വിദ്വേഷം ആളിക്കത്തിച്ചുകൊണ്ട് കഴിഞ്ഞ ദിവസവും രാജ് താക്കറെ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളിക്കെതിരെ പ്രതിഷേധിക്കാൻ അണികളോട് ആഹ്വാനം ചെയ്തിരുന്നു. ബാങ്കുവിളി കേൾക്കുന്ന ഹിന്ദുക്കൾ ഹനുമാൻ കീർത്തനം പാടണമെന്നാണ് താക്കറെയുടെ ആഹ്വാനം.
മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ നഗരങ്ങളിൽ പൊലീസ് കനത്ത ജാഗ്രതയിലാണ്. കരുതൽ നടപടിയുടെ ഭാഗമായി രാജ് താക്കറെക്ക് ഐ.പി.സി 149 പ്രകാരം നോട്ടീസ് നൽകി. ഇതുപ്രകാരം പൊലീസ് ആവശ്യപ്പെടുമ്പോൾ സ്റ്റേഷനിൽ ഹാജരാകേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.