രാമക്ഷേത്ര സുരക്ഷക്കുള്ള ജവാന്മാരുടെ ക്യാമ്പുകളിൽ വെള്ളം കയറി; അയോധ്യയിലും പരിസരത്തും വെള്ളപ്പൊക്കം
text_fieldsഅയോധ്യ: അയോധ്യയിലെ രാമക്ഷേത്ര ശ്രീകോവിലിൽ ചോർച്ചയുണ്ടെന്നും പരിഹരിച്ചില്ലെങ്കിൽ ആരാധന തടസ്സപ്പെടുമെന്നുമുള്ള മുഖ്യപൂജാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ, ക്ഷേത്ര സുരക്ഷാ ചുമതലയുള്ള ജവാൻമാരുടെ ക്യാമ്പുകളിൽ വെള്ളം കയറി. ക്ഷേത്രപരിസരങ്ങളിലും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഇതുമൂലം ഭക്തരും പ്രദേശവാസികളും കടുത്തപ്രയാസത്തിലാണ്.
ക്ഷേത്ര സുരക്ഷാ ചുമതലയുള്ള പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി (പി.എ.സി) ജവാന്മാരുടെ ക്യാമ്പുകളിലാണ് കനത്തമഴയിൽ വെള്ളം കയറിയത്. ജവാൻമാർക്കുള്ള കട്ടിലുകൾക്ക് താഴെ വെള്ളം കെട്ടിക്കിടക്കുന്ന ദൃശ്യം സംഘ്പരിവാർ അനുകൂല ചാനലായ റിപബ്ലിക് അടക്കം പുറത്തുവിട്ടിട്ടുണ്ട്. മിർസാപൂർ കാൻഷിറാം കോളനിക്ക് എതിർവശത്തുള്ള 39-ാം ബറ്റാലിയൻ പി.എ.സി ക്യാമ്പിലാണ് വെള്ളക്കെട്ട്. ജവാൻമാരുടെ സാധനസാമഗ്രികൾ വെള്ളത്തിൽ ഒഴുകുന്നത് ദൃശ്യങ്ങളിൽ കാണാം.
VIDEO | Belongings of PAC Jawans, Guarding Ram Mandir, Float As Their Camps Get Flooded#Ayodhya #RamMandir #RamTemple pic.twitter.com/zf3BqTcnrY
— Republic (@republic) June 27, 2024
അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ മേൽക്കൂരയിൽ ചോർച്ചയുണ്ടെന്ന് ക്ഷേത്രം മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഞ്ചുമാസം മുൻപ് പ്രാണപ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിൽ ഇത്ര വേഗം ചോർച്ചയുണ്ടായത് ആശ്ചര്യപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
'ജനുവരി 22നാണ് ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടന്നത്. എത്രയോ എൻജിനീയർമാർ ഇവിടെയുണ്ടായിരുന്നു. എന്നിട്ടും ചോരുന്നുവെന്നത് ആശ്ചര്യമാണ്. മേൽക്കൂരയിൽ നിന്നും വെള്ളം ചോർന്നൊലിക്കുന്നു. ഇങ്ങനെ സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യമഴയിൽ തന്നെ രാംലല്ല വിഗ്രഹം സ്ഥാപിച്ച ശ്രീകോവിലിന്‍റെ മേൽക്കൂര ചോർന്നൊലിക്കാൻ തുടങ്ങി. ഈ വെള്ളം ഒഴുകിപ്പോകാനുള്ള ഒരു സൗകര്യവുമില്ല. വിഷയത്തിൽ അതീവ ശ്രദ്ധചെലുത്തണം. കനത്ത മഴ പെയ്താൽ മേൽക്കൂരക്ക് താഴെ പ്രാർഥന നടത്തുന്നത് ബുദ്ധിമുട്ടാകും’ -ആചാര്യ സത്യേന്ദ്ര ദാസ് വാർത്ത ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
എന്നാൽ, രാമക്ഷേത്രത്തിന്റെ ഡിസൈനിലോ നിർമാണത്തിലോ ഒരു പ്രശ്നവും ഇല്ലെന്നാണ് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ അവകാശവാദം. ക്ഷേത്ര കോംപ്ലെക്സിന്റെ നിർമാണം പൂർത്തിയാകാത്തത് കൊണ്ട് ഉണ്ടായ പ്രശ്നമാവും ചോർച്ചയെന്നും ട്രസ്റ്റ് അധികൃതർ പറഞ്ഞു. മുഖ്യപൂജാരിയുടെ പരാതിക്ക് പിന്നാലെ ട്രസ്റ്റ് ചെയർപേഴ്സൺ നൃപേന്ദ്ര മിശ്ര ക്ഷേത്രത്തിൽ പരിശോധന നടത്തിയിരുന്നു. ക്ഷേത്ര ശ്രീകോവിലിനുള്ളിൽ വെള്ളം വരുന്നുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.
വൈദ്യുതി കമ്പികൾ സ്ഥാപിക്കാനായുള്ള പൈപ്പുകളിൽ നിന്നാണ് വെള്ളം ഒഴുകിയതെന്നും രണ്ടാംനിലയുടെ പണി പൂർത്തിയായാൽ വെള്ളം വരുന്നത് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീകോവിലിന് കിഴക്ക് ഭാഗത്തുള്ള മണ്ഡപത്തിന്റെ പണി പൂർത്തിയാക്കിയ ശേഷം രണ്ടാംനിലയുടെ മേൽക്കൂരയുടെ നിർമാണവും നടത്തും. ഇതോടെ വെള്ളം വരുന്നത് നിൽക്കും. താൽക്കാലികമായി മണ്ഡപം മൂടിയാണ് ഇപ്പോൾ ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിലെ ഇലക്ട്രിക്കൽ, വാട്ടർ പ്രൂഫിങ്, തറയുടെ ജോലികൾ എന്നിവ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂർത്തിയായാൽ വൈദ്യുതികമ്പികൾക്ക് വേണ്ടി ഇട്ടിട്ടുള്ള പെപ്പുകളിലൂടെ വെള്ളം വരുന്നത് നിൽക്കും -ട്രസ്റ്റ് അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.