താങ്കളുടെ കൂറ് അവിടെയാണോ? എന്തിനാണ് ബി.ജെ.പിയുടെ അഭിഭാഷകനായി മാറുന്നത്; പഹൽഗാം ഭീകരാക്രമണ പരാമർശത്തിൽ ശശി തരൂരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ്
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രതികരണത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് ഉദിത് രാജ്. ഇത്തരം നിരുത്തരവാദമായ പ്രസ്താവനകൾ നടത്തുന്ന ശശി തരൂരിന് പാർട്ടിയോട് എത്രത്തോളം ആത്മാർഥതയുണ്ട് എന്നാണ് ഉദിത് ചോദ്യം ചെയ്യുന്നത്.
ബി.ജെ.പിയെ ന്യായീകരിച്ച് തരൂർ സംസാരിക്കുന്നത് കേട്ടപ്പോൾ ഞെട്ടിപ്പോയെന്നും ഉദിത് രാജ് പറഞ്ഞു. ''താങ്കൾ ഇപ്പോൾ ബി.ജെ.പിയിലാണോ അതോ കോൺഗ്രസിലോ? താങ്കൾ സൂപ്പർ ബി.ജെ.പി പ്രവർത്തകനാകാൻ ശ്രമിക്കുന്നത് എന്തിനാണ്''-എന്നാണ് എനിക്ക് തരൂരിനോട് ചോദിക്കാനുള്ളത്.
പഹൽഗാം ഭീകരാക്രമണത്തിൽ രാജ്യത്തെ ഇന്‍റലിജൻസ് സംവിധാനത്തിന് വീഴ്ച പറ്റിയെന്നും എന്നാൽ അതല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടതെന്നുമായിരുന്നു തരൂരിന്റെ പരാമർശം. ഗുരുതര ഇന്‍റലിജൻസ്, സുരക്ഷാ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷമായ കോൺഗ്രസ് ബി.ജെ.പിക്കും കേന്ദ്ര സർക്കാറിനുമെതിരെ രൂക്ഷ വിമർശനമുയർത്തുമ്പോൾ ആണ് ശശി തരൂർ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
തീർച്ചയായും കുറ്റമറ്റതായ ഇന്‍റലിജൻസ് സംവിധാനം എന്ന ഒന്നില്ല. ചില വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഇന്റലിജൻസ് സംവിധാനം ഉള്ളതായി കണക്കാക്കപ്പെടുന്ന ഇസ്രായേലിന്റെ ഉദാഹരണം നമുക്കുണ്ട് -ഒക്ടോബർ ഏഴിലെ ആക്രമണം അപ്രതീക്ഷിതമായിരുന്നു. യുദ്ധം അവസാനിക്കുന്നതുവരെ ഇസ്രായേൽ കാത്തിരിക്കുന്നതുപോലെ, ഇപ്പോഴത്തെ പ്രതിസന്ധിയും നമ്മൾ കാണണം. എന്നിട്ടാണ് സർക്കാറിനെ കുറ്റപ്പെടുത്തേണ്ടത് -തരൂർ പറഞ്ഞു.
പരാജയപ്പെടുത്തിയ ഭീകരാക്രമണ ഭീഷണികളെക്കുറിച്ച് നമ്മൾ ഒരിക്കലും അറിയില്ലെന്നും പരാജയപ്പെട്ടവയെക്കുറിച്ച് മാത്രമേ നമ്മൾ കേൾക്കൂവെന്നും അദ്ദേഹം പറഞ്ഞു. പരാജയം ഉണ്ടായെന്ന് ഞാൻ സമ്മതിക്കുന്നു, പക്ഷേ ഇപ്പോൾ അതല്ല ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം പ്രസ്താവനകളിലൂടെ തന്റെ സഹപ്രവർത്തകൻ ബി.ജെ.പിയുടെ അഭിഭാഷകനായി മാറിയെന്നും രാജ് വിമർശിച്ചു. നൂറുശതമാനം കുറ്റമറ്റ ഇന്റലിജൻസ് സംവിധാനം ഒരു രാജ്യത്തിനുമുണ്ടാകില്ലെന്നാണ് ശശി തരൂർ പറഞ്ഞിരിക്കുന്നത്. മുംബൈ ഭീകരാക്രമണമുണ്ടായപ്പോൾ ഗുജറാത്തിൽ നിന്ന് മുംബൈയിലെത്തിയ നരേന്ദ്ര മോദി പറഞ്ഞത് കേന്ദ്രസർക്കാറിന്റെ വീഴ്ചയാണ് അതെന്നാണ്. പ്രശ്നം അതിർത്തിയുടെതല്ല, കേന്ദ്രസർക്കാറിന്റെതാണെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ''ഇന്റലിജൻസ്, ബി.എസ്.എഫ്, സി.ആർ.പി.എഫ് എന്നിവ കേന്ദ്രത്തോടൊപ്പമുള്ളപ്പോൾ ഭീകരർ എങ്ങനെയാണ് വന്നത്? സുരക്ഷാവീഴ്ച സംഭവിച്ചതായി ബി.ജെ.പി സർക്കാർ തന്നെ സമ്മതിച്ചതാണ്. അപ്പോൾ പിന്നെ തരൂർ എന്തിനാണ് ബി.ജെ.പിയുടെ അഭിഭാഷകനാകുന്നത്,''-രാജ് ചോദിച്ചു.
കോൺഗ്രസ് അധികാരത്തിൽ ഇല്ലെങ്കിലും പഴയ കാര്യങ്ങളിൽ ബി.ജെ.പി ഇടക്കിടെ വിമർശനം തുടരുകയാണ്. കോൺഗ്രസ് ഭരണകാലത്ത് ഭീകരർ ഇവിടേക്ക് വന്ന് നിരന്തരം കൊലപാതകം നടത്തി എന്നാണ് പറയുന്നത്. അപ്പോൾ ഉറിയിലും പത്താൻകോട്ടിലും പുൽവാമയിലും ഇപ്പോൾ പഹൽഗാമിലും അവരെങ്ങനെ ആക്രമണങ്ങൾ നടത്തി രക്ഷപ്പെട്ടു എന്ന് ചോദിക്കരുത്. എന്താണിങ്ങനെ സംഭവിക്കുന്നതെന്ന് തരൂർ പ്രധാനമന്ത്രിയോട് ചോദിക്കണം.
''മോദിയുടെ യു.എസ് സന്ദർശനത്തെ പ്രകീർത്തിച്ചയാളാണ് താങ്കൾ. എന്നാൽ അദ്ദേഹം താങ്കളെ അപമാനിച്ചിട്ടുണ്ട്. നിങ്ങളൊരു കോൺഗ്രസ് പ്രവർത്തകനാണ്. 1965 ലും 1971 ലും കോൺഗ്രസ് സർക്കാർ ചെയ്തതുപോലെ മോദിജി പാകിസ്താനെ ഒരു പാഠം പഠിപ്പിക്കുന്നത് എപ്പോഴാണ് എന്ന് ചോദിക്കണം. പുൽവാമ ആക്രമണത്തിന് പിന്നാലെ സൗദി സന്ദർശനം വെട്ടിച്ചുരുക്കി മോദി നാട്ടിലേക്ക് തിരിച്ചു. എന്നാൽ പഹൽഗാം സന്ദർശിക്കാതെ നേരെ പോയത് ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനാണ്. ഈ നാടകത്തെ കുറിച്ച് തരൂർ മോദിയോട് ചോദിക്കാത്തത് എന്തുകൊണ്ടാണെന്നും രാജ് ചോദിച്ചു. ഏപ്രിൽ 22നാണ് നാടിനെ നടുക്കിയ പഹൽഗാം ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 26പേർ കൊല്ലപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.