ഇലക്ടറൽ ബോണ്ട്: 170 കോടി ബി.ജെ.പിക്ക് നൽകിയ ഡി.എൽ.എഫിന് ക്ലീൻ ചിറ്റ്
text_fieldsന്യൂഡൽഹി: 2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് കാലം. ബി.ജെ.പിയുടെ ഏറ്റവും വലിയ പ്രചരണായുധങ്ങളിൽ ഒന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര പ്രതിയായ ഗുരുഗ്രാമിലെ ഭൂമി ഇടപാട് കേസ്. റിയൽ എസ്റ്റേറ്റ് ഭീമൻ ഡി.എൽ.എഫായിരുന്നു കൂട്ടുപ്രതി. 2018 സെപ്റ്റംബറിൽ ബി.ജെ.പിക്ക് അധികാരം കിട്ടിയതിന് പിന്നാലെ ഡി.എൽ.എഫിനും വാദ്രക്കുമെതിരെ ഹരിയാന പൊലീസ് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തു.
എന്നാൽ, അഞ്ചുവർഷത്തിന് ശേഷം കേസിൽ നിർണായക വഴിത്തിരിവുണ്ടായി. ഇടപാടുകളിൽ നിയമലംഘനമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് 2023 ഏപ്രിലിൽ സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ ഹൈകോടതിയെ അറിയിച്ചു. ഇപ്പോൾ, തെരഞ്ഞെടുപ്പ് കമീഷൻ ഇലക്ടറൽ ബോണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടപ്പോഴാണ് ഡി.എൽ.എഫിനെ വെറുതെ വിട്ടതിന്റെ ചുരുളഴിയുന്നത്. 170 കോടി രൂപയാണ് 2019 ഒക്‌ടോബറിനും 2022 നവംബറിനും ഇടയിൽ ഡി.എൽ.എഫ് ഗ്രൂപ്പ് ബി.ജെ.പിക്ക് ‘സംഭാവന’ നൽകിയത്!
ഡിഎൽഎഫ് കൊമേഴ്സ്യൽ ഡെവലപ്പേഴ്സ് ലിമിറ്റഡ്, ഡിഎൽഎഫ് ഗാർഡൻ സിറ്റി ഇൻഡോർ പ്രൈവറ്റ് ലിമിറ്റഡ്, ഡിഎൽഎഫ് ലക്ഷ്വറി ഹോംസ് ലിമിറ്റഡ് എന്നീ മൂന്ന് സ്ഥാപനങ്ങളാണ് ബോണ്ടുകൾ വാങ്ങിയത്. ഈ ബോണ്ടുകളുടെയെല്ലാം ഒരേയൊരു ഗുണഭോക്താവ് ബിജെപി മാത്രമായിരുന്നു. മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ഇവർ പണം നൽകിയിട്ടില്ല.
1946ൽ ചൗധരി രാഘവേന്ദ്ര സിങ് സ്ഥാപിച്ചതാണ് ഡി.എൽ.എഫ് ഗ്രൂപ്പ്. ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് റിയൽ എസ്റ്റേറ്റ് മേഖലയിലാണ് പ്രവർത്തനം. 2022-23 സാമ്പത്തിക വർഷം 6,012 കോടി രൂപയായിരുന്നു വിറ്റുവരവ്. അറ്റാദായം 2,051 കോടി രൂപയും.
2018ൽ കേസ്, 2019ൽ സി.ബി.ഐ റെയ്ഡ്, പിന്നാലെ കോടികളുടെ ഇലക്ടറൽ ബോണ്ട് വാങ്ങി
വാദ്രയുടെ സ്ഥാപനമായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 2008ൽ ഗുരുഗ്രാമിൽ 3.5 ഏക്കർ ഭൂമി 7.5 കോടി രൂപക്ക് വാങ്ങിയിരുന്നു. മാസങ്ങൾക്ക് ശേഷം, 58 കോടി രൂപയ്ക്ക് ഈ പ്ലോട്ട് ഡി.എൽ.എഫ് വാങ്ങി. വിലയിൽ ഏഴ് മടങ്ങ് വർധന. പല ഗഡുക്കളായാണ് പണം നൽകിയത്.
ക്രമക്കേട് കണ്ടതിനെ തുടർന്ന് 2012ൽ ഭൂമി വിൽപന റദ്ദാക്കിയതോടെയാണ് ഇടപാട് വാർത്തകളിൽ ഇടംപിടിച്ചത്. ഹരിയാന സർക്കാർ ഉദ്യോഗസ്ഥനായ അശോക് ഖേംകയാണ് ഇത് പുറത്തെത്തിച്ചത്. ഹരിയാനയിലെ അന്നത്തെ കോൺഗ്രസ് മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ ഖേംകയെ സ്ഥലംമാറ്റിയതോടെ 2014ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഇത് പ്രചാരണായുധമാക്കി.
ഹരിയാനയിൽ ബിജെപി അധികാരത്തിൽ വന്ന് നാല് വർഷത്തിന് ശേഷം, 2018സെപ്തംബർ ഒന്നിനാണ് ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം വദ്ര, ഹൂഡ, ഡിഎൽഎഫ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരെ സംസ്ഥാന പൊലീസ് കേസെടുത്തത്. 2019 ജനുവരിയിൽ മറ്റൊരു കേസിൽ ഡി.എൽ.എഫിന്റെ ഓഫിസുകൾ സി.ബി.ഐയും പരിശോധിച്ചു. ഇതിനുപിന്നാലെയാണ് കമ്പനി ഇലക്ടറൽ ബോണ്ടുകൾ വാങ്ങി ബി.ജെ.പിക്ക് ‘സംഭാവന’ ചെയ്യാൻ തുടങ്ങിയത്.
2019 ഒക്ടോബറിൽ ഇലക്ടറൽ ബോണ്ടുകൾ വഴി ഡി.എൽ.എഫ് ഗ്രൂപ്പ് ബി.ജെ.പിക്ക് ആദ്യ സംഭാവന നൽകിയതായി വ്യാഴാഴ്ച പുറത്തുവന്ന വിവരങ്ങൾ കാണിക്കുന്നു. 2020, 2021, 2022 വർഷങ്ങളിലും ബി.ജെ.പിക്ക് ഡി.എൽ.എഫ് ഗ്രൂപ്പ് പണം നൽകിക്കൊണ്ടിരുന്നു. 2022 നവംബറിൽ വാങ്ങിയ ബോണ്ടുകൾ വഴിയാണ് അവസാനം ‘സംഭാവന’ നൽകിയത്. അഞ്ച് മാസത്തിന് ശേഷം 2023 ഏപ്രിൽ 19 നാണ് ഡി.എൽ.എഫ് - വദ്ര ഭൂമി ഇടപാടിൽ നിയമങ്ങളുംചട്ടങ്ങളും ലംഘിച്ചിട്ടില്ല എന്ന് ഹരിയാനയിലെ ബിജെപി സർക്കാർ പഞ്ചാബ്-ഹരിയാന ഹൈകോടതിയെ അറിയിച്ചത്.
(വിവരങ്ങൾക്ക് കടപ്പാട്: https://scroll.in)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.