സിംഗപ്പൂരിനു പിന്നാലെ ഹോങ്കോങ്ങിലും എവറസ്റ്റ്, എം.ഡി.എച്ച് കറി മസാലകൾക്ക് നിരോധനം
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ സുഗന്ധ വ്യജ്ഞന ബ്രാൻഡുകൾ ആയ എം.ഡി.എച്ചിന്റെയും എവറസ്റ്റിന്റെയും ഉൽപ്പന്നങ്ങൾക്ക് സിംഗപ്പൂരിന് പിന്നാലെ ഹോങ്കോങ്ങിലും നിരോധനം. ഈ ബ്രാൻഡുകളുടെ കറിമസാലകളിൽ പലതിലും കാർസിനോജനിക് കീടനാശിനിയായ എഥിലീൻ ഓക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് വിലക്ക്. കഴിഞ്ഞാഴ്ചയാണ് എവറസ്റ്റിന്റെ ഉൽപ്പന്നങ്ങൾക്ക് സിംഗപ്പൂരിൽ വിലക്കേർപ്പെടുത്തിയത്. എവറസ്റ്റിന്റെ കറിമസാലയിൽ എഥിലീൻ ഓക്സൈഡിന്റെ അമിത അളവ് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നിരോധനം. അനുവദിക്കപ്പെട്ടതിലും അമിതമായ അളവിൽ എഥിലീൻ ഓക്സൈഡിന്റെ സാന്നിധ്യം എവസ്റ്റിന്റെ ഫിഷ്‍കറി മസാലയിൽ കണ്ടെത്തിയത്.
ഏപ്രിൽ അഞ്ചിന് നടത്തിയ പരിശോധനയിലാണ് എം.ഡി.എച്ച് ഗ്രൂപ്പിന്റെ മദ്രാസ് കറി പൗഡർ, സാമ്പാർ മസാല പൗഡർ, കറി പൗഡർ എന്നിവയിൽ അമിതമായ അളവിൽ എഥിലീൻ ഓക്സൈഡ് കണ്ടെത്തിയതെന്ന് ഹോങ്കോങ് ഫുഡ് സേഫ്റ്റി വകുപ്പ് അറിയിച്ചു. തുടർന്നാണ് ഈ ബ്രാൻഡിന്റെ മസാലപ്പൊടികളുടെ കച്ചവടം നിർത്തിവെക്കാൻ കടക്കാർക്ക് നിർദേശം നൽകിയത്.
എവറസ്റ്റിന്റെ ഫിഷ്‍കറിമസാലയിൽ കണ്ടെത്തിയ എഥിലീൻ ഓക്സൈഡ് അർബുദത്തിന് വരെ കാരണമാകുമെന്ന് അന്താരാഷ്ട്ര ഗവേഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് ഹോങ്കോങ്ങിലും സിംഗപ്പൂരിലും ഇത്തരം ബ്രാൻഡുകളുടെ കറിമസാലകൾ നിരോധിച്ചത്. സിംഗപ്പൂരിൽ എവറസ്റ്റിന്റെ എല്ലാ ഉൽപ്പന്നങ്ങളും തിരിച്ചുവിളിക്കുകയും ചെയ്തു. ഇതാദ്യമായല്ല വിദേശരാജ്യങ്ങളിൽ ഇന്ത്യൻ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ നിരോധിക്കുന്നത്. 2023ൽ സാൽമോണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ(എഫ്.ഡി.എ)എവറസ്റ്റ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാൻ ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.