കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയശേഷം ജമ്മുവിൽ തീവ്രവാദം ശക്തമായി
text_fieldsജമ്മു: ജമ്മു -കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ 2019 ആഗസ്റ്റിനുശേഷം ജമ്മു മേഖലയിൽ തീവ്രവാദ പ്രവർത്തനം ശക്തിപ്പെട്ടതായി കണക്കുകൾ. ഭീകരപ്രവർത്തനങ്ങൾക്കായി ആളെക്കൂട്ടുന്നത് ഉൾപ്പെടെ വർധിച്ചതായാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. 2019 ആഗസ്റ്റ് അഞ്ചിനും 2023 ജൂൺ 16നും ഇടയിലുള്ള കാലയളവിൽ 231 തീവ്രവാദികളെയും അവരുടെ സഹായികളെയും പിടികൂടി.
ഇത് 2015 ഒക്ടോബർ 27 മുതൽ 2019 ആഗസ്റ്റ് നാലുവരെയുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 71ശതമാനം കൂടുതലാണ്. പ്രത്യേക പദവി റദ്ദാക്കിയശേഷം ജമ്മു മേഖലയിൽ എട്ട് ഗ്രനേഡ് ആക്രമണങ്ങളും 13 സ്ഫോടനങ്ങളുമുണ്ടായി. ഇത് മുമ്പ് സൂചിപ്പിച്ച കാലത്ത് യഥാക്രമം നാലും ഏഴും ശതമാനമായിരുന്നു. സ്ഫോടനങ്ങൾ മൂലമുള്ള പരിക്കിലും 73ശതമാനം വർധനവുണ്ടായി. മറ്റു തീവ്രവാദ പ്രവർത്തനങ്ങളിലെ വർധന ഇങ്ങനെ: വെടിവെപ്പ്-43 ശതമാനം (മുമ്പ് ഏഴ് ശതമാനം), ഭീകര സംഘങ്ങളിലേക്കുള്ള ആളെ റിക്രൂട്ട് ചെയ്യൽ-39 ശതമാനം (മുമ്പ് എട്ടു മുതൽ 13 ശതമാനം വരെ).
ഭീകരാക്രമണങ്ങളിൽ സാധാരണ ജനങ്ങൾക്കും സുരക്ഷ സേനക്കും അപകടം സംഭവിക്കുന്നതിൽ കുറവുണ്ടായിട്ടുണ്ട്. സിവിലിയന്മാർ കൊല്ലപ്പെടുന്നതിൽ 63 ശതമാനത്തിന്റെ കുറവുണ്ടായി. നാലുകൊല്ലത്തിനിടെ ഏഴു സാധാരണ ജനങ്ങൾ മാത്രമാണ് കൊല്ലപ്പെട്ടത്.
സുരക്ഷസേനക്ക് 29 പേരെ നഷ്ടമാവുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുൻകാലവുമായി താരതമ്യം ചെയ്യുമ്പോൾ 13 ശതമാനം കുറവാണ് ഈ നിലക്കുള്ളത്. ആയുധം തട്ടിയെടുത്ത ഒരേയൊരു സംഭവം മാത്രമാണ് റിപ്പോർട്ട് ചെയ്തത്. കല്ലെറിയൽ, ഹർത്താൽ, ബന്ദ് ആഹ്വാനം എന്നിവയിലും സാരമായ കുറവുണ്ടായി. രജൗരി, പൂഞ്ച് എന്നിവിടങ്ങളിലാണ് കാര്യമായി ഭീകര പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇവിടെ 2019 ആഗസ്റ്റിനുശേഷം 65 തീവ്രവാദികളെ വധിച്ചു. ജമ്മു മേഖലയിൽ ഭീകരതക്കുള്ള പിന്തുണ ഇല്ലാതാക്കാനുള്ള സംവിധാനം ശക്തിപ്പെടുത്തിയതായി ജമ്മു കശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹ വാർത്ത ലേഖകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.