‘വിഷപ്രയോഗം’ ആദ്യ ഘട്ടത്തിനുശേഷം
text_fieldsന്യൂഡൽഹി: കോൺഗ്രസിനെ കടന്നാക്രമിച്ചും 400 സീറ്റ് നേടുമെന്ന് അവകാശപ്പെട്ടും തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വർഗീയത ആളിക്കത്തിക്കുന്നതിലേക്ക് കടന്നത് ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞതു മുതലെന്ന് കണക്കുകൾ. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന മാർച്ച് 16 മുതൽ മേയ് 15 വരെ വിവിധ സംസ്ഥാനങ്ങളിലായി 111 പ്രസംഗങ്ങളാണ് മോദി നടത്തിയത്. മാർച്ച് 16 മുതൽ ഏപ്രിൽ അഞ്ചുവരെ പത്തിടത്ത് മോദി പ്രസംഗിച്ചു. ഇതിൽ കോൺഗ്രസ്, അഴിമതി, സ്ത്രീ, വിശ്വഗുരു, നടപ്പാക്കിയ പദ്ധതികൾ, മറ്റു പ്രതിപക്ഷ പാർട്ടികൾ, മോദിയുടെ ഗാരന്റി തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രസംഗം.
ഏപ്രിൽ അഞ്ചിന് കോൺഗ്രസ് പ്രകടനപത്രിക പുറത്തിറങ്ങിയതോടെ പ്രസംഗത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങി. ഏപ്രിൽ ആറിന് രാജസ്ഥാനിൽ നടന്ന പൊതുയോഗത്തിൽ മുസ്ലിംലീഗ് പ്രകടനപത്രികയാണെന്നടക്കമുള്ള പരാമർശം നടത്തുകയുണ്ടായി. ഏപ്രിൽ അഞ്ചുമുതൽ ഏപ്രിൽ 20വരെ 34 ഇടത്ത് മോദി പ്രസംഗിച്ചപ്പോൾ കോൺഗ്രസ്, വികസനം, അഴിമതി, രാമക്ഷേത്ര വിഷയങ്ങളും കോൺഗ്രസ് പ്രകടനപത്രികയും കടന്നുവന്നു.
ഏപ്രിൽ 19നായിരുന്നു ഒന്നാംഘട്ട തെരഞ്ഞെടുപ്പ്. ഇതിനു പിന്നാലെയാണ് പ്രസംഗത്തിൽ ഹിന്ദു-മുസ്ലിം വിഷയങ്ങളിലേക്ക് മോദി കടന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ 20 മുതൽ മേയ് 15 വരെ 67 ഇടങ്ങളിലാണ് മോദി പ്രസംഗിച്ചത്. ഇതിൽ 60 പ്രസംഗങ്ങളിലും ഹിന്ദു-മുസ്ലിം ചേരിതിരിവ് സൃഷ്ടിക്കുന്ന പ്രസ്താവനകൾ ഉണ്ടായി. കോൺഗ്രസ് സ്വത്ത് തട്ടിയെടുത്ത് മുസ്ലിം വിഭാഗത്തിന് നൽകും, ദലിതര്‍ക്കും പിന്നാക്കക്കാര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ സംവരണവും മുസ്ലിംകള്‍ക്കു മാത്രമാക്കി മാറ്റും, ഹിന്ദുക്കളെ പരസ്യമായി ഭീഷണിപ്പെടുത്തുന്നു, ഹിന്ദുക്കളെ രണ്ടാംതരക്കാരായി കാണുന്നു, സ്ത്രീകളുടെ താലിമാല പൊട്ടിച്ച് മറ്റുള്ളവർക്ക് വീതിച്ചുനൽകും, കര്‍ണാടകയിലെ എല്ലാ മുസ്ലിംകളെയും ഒറ്റരാത്രികൊണ്ട് ഒ.ബി.സിയാക്കി, സംവരണത്തിന്റെ ഏറ്റവും വലിയ ഭാഗം ഒറ്റരാത്രികൊണ്ട് ഒ.ബി.സി ആയവര്‍ കൊള്ളയടിച്ചു തുടങ്ങി ധ്രുവീകരണം ഉണ്ടാക്കുന്ന രീതിയിലേക്ക് മാറി മോദിയുടെ പ്രസംഗങ്ങൾ.
ഇത്തവണ മോദി സർക്കാർ 400 കടക്കുമെന്ന അവകാശമൊന്നും ഒന്നാംഘട്ടം കഴിഞ്ഞതിനു ശേഷം അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഉണ്ടായില്ല. ഏപ്രിൽ 20നുശേഷം നടന്ന 67 പ്രസംഗത്തിൽ 23 തവണ താലിമാല സംബന്ധിച്ച് മോദി പറഞ്ഞിട്ടുണ്ട്. 43 തവണ രാമൻ, രാമക്ഷേത്ര വിഷയങ്ങളും കടന്നുവന്നു. മോദിയുടെ വിദ്വേഷപ്രസംഗത്തിൽ നടപടിവേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിരവധി തവണ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. വിശദീകരണം ചോദിച്ച് ബി.ജെ.പിക്കാണ് കമീഷൻ നോട്ടീസ് നൽകിയത്.
വിദ്വേഷം ആവർത്തിച്ച് മോദി
മഹാരാജ്ഗഞ്ച്: ഇൻഡ്യ സഖ്യം വർഗീയ, ജാതീയ, കുടുംബാധിപത്യ കൂട്ടുകെട്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മുന്നണിയിലുള്ളവർ എല്ലാ തിന്മകളും ഉയർന്ന അളവിലുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ പുർവി ചംബാരൻ ലോക്സഭ മണ്ഡലത്തിലെ മഹാരാജ് ഗഞ്ചിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേട്ടെണ്ണുമ്പോൾ സനാതന ധർമ വിരുദ്ധ മാനസികാവസ്ഥയുള്ള അഴിമതിക്കാരുടെ ഈ സഖ്യത്തിന് കനത്ത തിരിച്ചടി നേരിടേണ്ടിവരും. തനിക്ക് അനന്തരാവകാശികളില്ല. രാജ്യത്തെ ജനങ്ങളാണ് തന്റെ പിന്മുറക്കാർ. രാജ്യത്തിന് ആദ്യ പ്രസിഡന്റിനെ സമ്മാനിച്ച ബിഹാറിനെ ആർ.ജെ.ഡി- കോൺഗ്രസ് സഖ്യം കൊളളയടിച്ചു. ബിഹാറുകാർക്കെതിരെ പഞ്ചാബിലും തെലങ്കാനയിലും തമിഴ്നാട്ടിലും നേതാക്കൾ പറഞ്ഞതിനെതിരെ കോൺഗ്രസ് രാജകുടുംബം മൗനം പാലിച്ചു. എസ്.സി, ഒ.ബി.സി സംവരണം തട്ടിയെടുത്ത് വോട്ട് ജിഹാദിലേർപ്പെട്ടിരിക്കുന്നവർക്ക് നൽകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. അംബേദ്കർ ഇല്ലായിരുന്നുവെങ്കിൽ നെഹ്റു എസ്.സി, എസ്.ടി വിഭാഗക്കാർക്ക് സംവരണം നൽകില്ലായിരുന്നു. അഴിമതിയും പ്രീണന രാഷ്ട്രീയവും കൊണ്ടുനടക്കുന്ന ഇൻഡ്യ സഖ്യവുമായി മുന്നോട്ടുപോകാനാകില്ല. സനാതന ധർമ വിരുദ്ധരായ ‘ടുകഡെ ടുകഡെ’ ഗ്യാങ്ങിനെയാണ് ഇവർ പ്രതിനിധാനംചെയ്യുന്നത്. കോൺഗ്രസിന്റെ രാജകുമാരൻ എന്റെ കണ്ണീര് കാണാനാണ് ആഗ്രഹിക്കുന്നത്. തന്റെ ശവക്കുഴിതോണ്ടുമെന്നാണ് അവർ പറയുന്നത്. തന്റെ ജീവിതാവസാനമെത്തിയതിനാലാണ് വാരാണസിയിൽനിന്ന് മത്സരിക്കുന്നതെന്നാണ് ഇവരുടെ ഉത്തർ പ്രദേശിലെ സഖ്യത്തിന്റെ നേതാവ് പറയുന്നതെന്ന് അഖിലേഷ് യാദവിന്റെ പേരെടുത്ത് പറയാതെ മോദി
മോദിയുടെ പ്രസംഗങ്ങൾ ഇങ്ങനെ
മാർച്ച് 17 മുതൽ ഏപ്രിൽ അഞ്ച് (പത്ത് പ്രസംഗം)
- കോൺഗ്രസിന്റെ അഴിമതി 10
- പദ്ധതികൾ, വികസനം 10
- ദരിദ്രർ, സ്ത്രീകൾ 9
- വിശ്വഗുരു 8
- മറ്റു പ്രതിപക്ഷം 8
- മോദി ഗാരന്റി 7
- രാമക്ഷേത്രം 6
ഏപ്രിൽ ആറ് മുതൽ ഏപ്രിൽ 20 വരെ (34 പ്രസംഗം)
- കോൺഗ്രസ് 32
- വികസനം 32
- പദ്ധതികൾ 31
- മറ്റു പ്രതിപക്ഷം 28
- മോദി ഗാരന്റി 28
- പ്രതിപക്ഷം അഴിമതി 27
- രാമക്ഷേത്രം 26
ഏപ്രിൽ 21 മുതൽ മെയ് 15 വരെ (67 പ്രസംഗം)
- കോൺഗ്രസ് 63
- ഹിന്ദു-മുസ്ലിം 60
- പദ്ധതികൾ, വികസനം 60
- മറ്റു പ്രതിപക്ഷം 57
- എസ്.സി / എസ്.ടി വിഷയം 54
- പ്രതിപക്ഷം അഴിമതി 50
- ദരിദ്രർ 49
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.