ഗുസ്തി താരങ്ങൾക്കു പിന്നാലെ, പേക്കിനാവായി മണിപ്പൂർ യുവതികൾ
text_fieldsന്യൂഡൽഹി: മണിപ്പൂരിൽ പട്ടാപ്പകൽ സ്ത്രീകളെ തുണിയുരിച്ച് നടുറോഡിൽ നടത്തിക്കുകയും കൂട്ടമാനഭംഗം നടത്തുകയും ചെയ്ത കുറ്റവാളികളെ വെറുതെവിടില്ലെന്ന് പാർലമെന്റിന്റെ ഒരു കവാടത്തിനരികിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോട് പറഞ്ഞതിനു പിന്നാലെ മറ്റൊരു കവാടത്തിലൂടെ ബി.ജെ.പി എം.പി ബ്രിജ്ഭൂഷൺ സിങ് യാദവ് അകത്തേക്ക് കയറിപ്പോയി. രാജ്യത്തിന് വേണ്ടി പതക്കങ്ങൾ വാരിക്കൂട്ടിയ ആറു ഗുസ്തി താരങ്ങളുടെ പീഡന പരാതിയിലെ വില്ലൻ.
പരാതികൾ താരങ്ങളും കുറ്റപത്രം പൊലീസും അമർത്തി ഞെരിച്ച കഥയാണിന്ന് ഗുസ്തി സമരം. താരങ്ങൾക്ക് നാവടക്കേണ്ടി വരുകയോ മൊഴി മാറ്റിപ്പറയേണ്ടി വരുകയോ ചെയ്തു. ദുർബലമായ നിയമ നടപടികൾ ഇഴഞ്ഞു നീങ്ങുന്നുണ്ടെന്നല്ലാതെ, ഭരണത്തണലിൽ നിൽക്കുന്ന ബ്രിജ്ഭൂഷൺ ഭയക്കുന്നില്ല. എന്നാൽ, ബി.ജെ.പി സർക്കാറിനു കീഴിൽ മണിപ്പൂരിലെ സ്ത്രീകളുടെ സ്ഥിതി പേടിസ്വപ്നമായി മാറിയിരിക്കേ, കഴിഞ്ഞ ദിവസം പുറത്തു വന്ന വിഡിയോ മോദിസർക്കാറിന്റെ ‘ബേഠി ബചാവോ, ബേഠി പഠാവോ’ തുടങ്ങിയ സ്ത്രീസുരക്ഷ മുദ്രാവാക്യങ്ങൾ മുക്കുപണ്ടം മാത്രമായി.
മണിപ്പൂരിലെ കലാപമല്ല, മണിപ്പൂർ വിഡിയോ സ്ത്രീകളിൽ ഏല്പിക്കുന്ന ആഘാതവും അതുവഴി സ്ത്രീ വോട്ട് എതിരാവുമെന്ന കടുത്ത ആശങ്കയുമാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തിരക്കിട്ട നടപടികളിൽ പ്രതിഫലിച്ചത്. രണ്ടര മാസത്തെ നിശ്ശബ്ദത മാറ്റിവെച്ച് മണിപ്പൂർ വിഡിയോ മുൻനിർത്തി സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർബന്ധിതനായി. രാജ്യത്തെ നടുക്കിയ സംഭവത്തിൽ 77 ദിവസങ്ങൾക്കു ശേഷം ഒരാളെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ബിരേൻ സിങ് പ്രഖ്യാപിച്ചു. മറ്റുള്ളവർ ഇപ്പോഴും ഒളിവിൽ.
ഏതോ ശൂന്യതയിൽനിന്ന് വിഡിയോ ഉണ്ടായെന്ന മട്ടിൽ സംസാരിച്ചതല്ലാതെ മണിപ്പൂർ സാഹചര്യങ്ങളെക്കുറിച്ച് 30 സെക്കൻഡ് മാത്രം നീണ്ട പ്രസംഗത്തിൽ മോദി ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ, മണിപ്പൂരിൽ കലാപത്തിനിടയിൽ സ്ത്രീകൾക്കുനേരെ ഉണ്ടായ ഒട്ടേറെ അതിക്രമങ്ങളിൽ ഒന്നു മാത്രമാണ് തെളിവു സഹിതം പുറത്തുവന്നതെന്ന് അവിടം സന്ദർശിച്ചവരും അവിടെയുള്ള മാധ്യമപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നുണ്ട്. വിഡിയോവിലെ സംഭവത്തിൽമാത്രം അഞ്ചു സ്ത്രീകളെ തുണിയുരിച്ച് ക്രൂരവിനോദത്തിന്റെ ഇരകളാക്കിയിട്ടുണ്ടെന്ന വിവരവും ഒപ്പമുണ്ട്. ഒരു സ്ത്രീയുടെ മാതാപിതാക്കളെ കൊന്നു.
ഇത്തരം നിരവധിയായ നിഷ്ഠുര സംഭവങ്ങളിലൊന്നും നടപടിയില്ല. പരാതി കിട്ടിയിട്ട് 64 ദിവസം അനങ്ങാതിരുന്ന സർക്കാറാണ് വിഡിയോ ദൃശ്യം വൈറലായതിനു തൊട്ടുപിന്നാലെത്തന്നെ ഒരാളെ പിടികൂടിയത്. പിന്നീട് മൂന്നുേപരും പിടിയിലായി. വേണമെങ്കിൽ കുറ്റവാളികളെ നേരത്തെ പിടിക്കാമായിരുന്നു. വംശഹത്യ നടക്കുന്ന മണിപ്പൂരിൽ ആക്രമികൾ അഴിഞ്ഞാടുമ്പോൾ സർക്കാർ ആരുടെ പക്ഷത്താണെന്ന ചോദ്യം നേരത്തെ തന്നെയുണ്ട്. വിഷയം ഉന്നയിക്കുന്ന പൊതുപ്രവർത്തകർ അടക്കമുള്ളവരെ രാജ്യദ്രോഹ നിയമത്തിൽ തളക്കാനുള്ള സർക്കാർ ശ്രമവും ഉണ്ടായി.
ബുധനാഴ്ച പുറത്തുവന്ന വിഡിയോ സർക്കാറിനെ ആഭ്യന്തരമായും അന്താരാഷ്ട്ര തലത്തിലും പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ ഉയരുന്ന ചോദ്യങ്ങൾക്ക് ‘ഇന്ത്യയുടെ ആഭ്യന്തരകാര്യ’മെന്ന് പറഞ്ഞൊഴിയുകയാണ് സർക്കാർ ചെയ്തുപോരുന്നത്. ആഭ്യന്തരതലത്തിലാകട്ടെ, സംസ്ഥാന വിഷയമെന്ന നിലയിൽ എഴുതിത്തള്ളാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ, മണിപ്പൂരിലെ വംശഹത്യ, സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങിയ വിഷയങ്ങൾ മറച്ചുപിടിക്കുകയും പാർട്ടി മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ സംരക്ഷിക്കുകയും ചെയ്യുന്ന നയത്തിനേറ്റ വലിയ ആഘാതമാണ് ആരെയും നടുക്കുന്ന വിഡിയോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.