ഭുവനേശ്വറിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ ഉയർത്തരുതെന്ന് കമ്പനികളോട് വ്യോമയാന മന്ത്രാലയം
text_fieldsന്യൂഡൽഹി: ഒഡിഷയിൽ ട്രെയിൻ അപകടമുണ്ടായതിന് പിന്നാലെ വിമാനകമ്പനികളോട് യാത്രനിരക്ക് ഉയർത്തരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാനനിരക്കുകൾ ഉയരാതിരിക്കാൻ കമ്പനികൾ ശ്രദ്ധപുലർത്തണമെന്ന് വ്യോമയാനമന്ത്രാലയം നിർദേശിച്ചു.
ഒഡിഷയിലെ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ വിമാനനിരക്കുകൾ ഉയരാതിരിക്കാൻ കമ്പനികൾ ശ്രദ്ധിക്കണമെന്ന് വ്യോമയാനമന്ത്രാലയം വ്യക്തമാക്കി. ഭുവനേശ്വർ ഉൾപ്പടെ സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ നിന്നും അവിടേക്കുമുള്ള നിരക്കുകൾ ഉയരാതെ നോക്കണമെന്നാണ് നിർദേശം. ഭുവനേശ്വറിലേക്കുള്ള വിമാന ടിക്കറ്റുകൾ റദ്ദാക്കുകയോ തീയതി മാറ്റുകയോ ചെയ്യുമ്പോൾ പ്രത്യേക ചാർജുകൾ ചുമത്തരുതെന്നും നിർദേശമുണ്ട്.
അതേസമയം ഒഡിഷ ട്രെയിൻ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 288 ആയി. ആയിരത്തോളം പേർ പരിക്കേറ്റ് ചികിത്സയിലുള്ളതിൽ അമ്പതിലേറെ പേരുടെ നില അതിഗുരുതരമാണെന്നതിനാൽ മരണസംഖ്യ ഇനിയും കൂടുമെന്ന ഭീതിയുണ്ട്. എന്താണ് സംഭവിച്ചതെന്ന് ദുരന്തമുണ്ടായി ഏറെ നേരത്തേക്ക് റെയിൽവേക്കു പോലും വ്യക്തതയില്ലാത്തവിധം, വെള്ളിയാഴ്ച രാത്രി ഏഴിന് ബാലസോറിനടുത്ത ബഹാനഗ ബസാറിൽ മൂന്നു ട്രെയിനുകൾ ഒന്നിനു മേൽ ഒന്നായി ഇടിച്ചുകയറുകയായിരുന്നു.
ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിൽ നിന്ന് 170 കി.മീ വടക്കാണ് രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിലൊന്ന് അരങ്ങേറിയ ബഹാനഗ ബസാർ. ഷാലിമാർ-ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ് (12841), ബംഗളൂരു-ഹൗറ എക്സ്പ്രസ് (12864), ചരക്കുവണ്ടി എന്നിവയാണ് അപകടത്തിൽപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.