'ലവ് ജിഹാദി'നെതിരെ നിയമമുണ്ടാക്കാൻ യു.പിക്ക് പിറകെ ഹരിയാനയും
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു പിന്നാലെ ഹരിയാനയിലെ ബി.ജെ.പി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും ലവ് ജിഹാദ് ചർച്ചയാക്കാൻ രംഗത്ത്. ഹരിയാനയിലെ ബല്ലഭ്ഗഢിൽ 21കാരി കൊല്ലപ്പെട്ട സംഭവം 'ലവ് ജിഹാദു'മായി ബന്ധമുണ്ടെന്ന് ആരോപിച്ച മുഖ്യമന്ത്രി ഖട്ടർ ഹരിയാന മാത്രമല്ല, കേന്ദ്ര സർക്കാർ പോലും ലവ് ജിഹാദിനെതിരെ നിയമമുണ്ടാക്കാൻ നോക്കുകയാണെന്ന് പറഞ്ഞു.
കുറ്റക്കാർ രക്ഷപ്പെടാതിരിക്കാനും നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കാനുമുള്ള നിയമമാണ് ആലോചിക്കുന്നത്. ലവ് ജിഹാദ് ചികിത്സിച്ചെങ്കിൽ മാത്രമേ നമ്മുടെ പെൺകുട്ടികളെ രക്ഷിക്കാൻ കഴിയൂ എന്നും അതിനാവശ്യമെങ്കിൽ നിയമം നിർമിക്കുമെന്നും ഹരിയാന ആഭ്യന്തര മന്ത്രി അനിൽവിജും പറഞ്ഞു. കഴിഞ്ഞ 26ന് 21കാരിയായ യുവതിയെ പട്ടാപ്പകൽ വെടിവെച്ചുകൊന്നസംഭവത്തിൽ തൗസീഫ്, റെഹാൻ എന്നീ രണ്ടു യുവാക്കൾ അറസ്റ്റിലായിരുന്നു.
കേന്ദ്രം പാർലമെൻറിൽ നിഷേധിച്ച 'ലവ് ജിഹാദ്' വ്യാജ പ്രചാരണം കഴിഞ്ഞ ദിവസം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രചാരണായുധമാക്കിയിരുന്നു. വിവാഹത്തിനായുള്ള മതം മാറ്റം അംഗീകരിക്കില്ലെന്ന് അലഹബാദ് ഹൈകോടതി വെള്ളിയാഴ്ച വിധിച്ചതിനാൽ എല്ലാ പെൺമക്കളെയും സഹോദരിമാരെയും ലവ് ജിഹാദിൽനിന്ന് രക്ഷിക്കാൻ നടപടി എടുക്കുമെന്നും നിയമം നിർമിക്കുമെന്നും യോഗി പറഞ്ഞു.
തെറ്റുതിരുത്തുന്നില്ലെങ്കിൽ 'രാം നാം സത്യ' (ഹിന്ദുക്കളുടെ അന്ത്യസംസ്കാര ചടങ്ങിലെ മന്ത്രം)യാത്ര തുടങ്ങുമെന്നും ഈ ഓപറേഷൻ വിജയിപ്പിക്കാൻ ഏതറ്റം വരെയും പോകുമെന്നും യോഗി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.