നവാബ് മാലിക്കിന്റെ അറസ്റ്റ്; ബി.ജെ.പിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് ശിവസേന
text_fieldsമഹാരാഷ്ട്ര സർക്കാരിലെ രണ്ടാമത്തെ മന്ത്രിയുടെ അറസ്റ്റിൽ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. ബി.ജെ.പിയും ശിവസേനയും തമ്മിൽ തുറന്ന പോരിനാണ് മന്ത്രി നവാബ് മാലിക്കിന്റെ അറസ്റ്റ് വഴിവെച്ചിരിക്കുന്നത്. മുതിർന്ന സേന നേതാവ് സഞ്ജയ് റാവത്ത് തന്നെ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഛത്രപതി ശിവജിയുടെ എതിരാളിയായ അഫ്സൽ ഖാനെ സൂചിപ്പിച്ചുകൊണ്ട് "ഇതാണ് ഹിന്ദുമതം" എന്നാണ് റാവത്ത് ട്വീറ്റ് ചെയ്തത്. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സംസ്ഥാന ന്യൂനപക്ഷ വികസന മന്ത്രി നവാബ് മാലിക്കിനെ ബുധനാഴ്ച ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഓഫീസർ സമീർ വാങ്കഡെയുമായുള്ള മാലിക്കിന്റെ ഏറ്റുമുട്ടലിന് പിന്നാലെയാണ് അറസ്റ്റ്.
കഴിഞ്ഞ വർഷം വാങ്കഡെയുടെ നേതൃത്വത്തിലുള്ള എൻ.സി.ബിയുടെ മുംബൈ യൂനിറ്റ് മയക്കുമരുന്ന് കേസിൽ മാലിക്കിന്റെ മരുമകൻ സമീർ ഖാനെയും അറസ്റ്റ് ചെയ്തിരുന്നു, മന്ത്രി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് ഉദ്യോഗസ്ഥൻ ആരോപിച്ചിരുന്നു.
"മഹാ വികാസ് അഘാഡിയുമായി മുഖാമുഖം പോരാടാൻ കഴിയാതെ വന്നപ്പോൾ, അഫ്സൽ ഖാനെപ്പോലെ അവർ പിന്നിൽ നിന്ന് ആക്രമിച്ചു. അത് പോകട്ടെ.. ആരെങ്കിലും ഒരു മന്ത്രിയെ നിയമവിരുദ്ധമായി പുറത്താക്കുന്നത് ആസ്വദിക്കുകയാണെങ്കിൽ, അവരെ അനുവദിക്കുക. നവാബ് മാലിക്കിന്റെ രാജി ഇല്ലാതെതന്നെ ഞങ്ങൾ പോരാടി വിജയിക്കും. കംസനും രാവണനും കൊല്ലപ്പെട്ടു. ഇതാണ് ഹിന്ദുമതം. യുദ്ധം തുടങ്ങിയിരിക്കുന്നു. ജയ് മഹാരാഷ്ട്ര," -റാവത്ത് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.