പാർട്ടി താൽപര്യം മാനിക്കുമെന്ന് നേതൃയോഗത്തിൽ രാഹുൽ; അധ്യക്ഷനാകാൻ സാധ്യത
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധി വീണ്ടും കോൺഗ്രസ് അധ്യക്ഷനാകാൻ സാധ്യതയേറി. പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ തയാറാണെന്ന് മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചകളിൽ രാഹുൽ ഗാന്ധി അറിയിച്ചു. സംഘടനാ തെരഞ്ഞെടുപ്പു നടപടി മുന്നോട്ടു നീക്കിയ ശേഷം ഏതാനും മാസങ്ങൾക്കകം നടക്കുന്ന എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിൽ അദ്ദേഹം പുതിയ പ്രസിഡൻറായി കടന്നുവരുമെന്നാണ് സൂചന.
അതുവരെ സോണിയ ഗാന്ധി തുടരും. പാർട്ടിയിലെ 99.9 ശതമാനം പേരും രാഹുൽ ഗാന്ധി പ്രസിഡൻറാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും തീരുമാനം രാഹുൽ ഗാന്ധിയുടേതാണെന്നും കഴിഞ്ഞ ദിവസം കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് 'നിങ്ങെളല്ലാം ആഗ്രഹിക്കുന്നതുപോലെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ തയാറാണെന്ന് രാഹുൽ പറഞ്ഞത്. കോൺഗ്രസിൽ അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട് കത്തെഴുതിയ പ്രമുഖരും പ്രവർത്തക സമിതിയിലെ മുതിർന്ന നേതാക്കളും പങ്കെടുത്ത അഞ്ചുമണിക്കൂർ നീണ്ട യോഗമാണ് ശനിയാഴ്ച സോണിയ ഗാന്ധിയുടെ 10 ജൻപഥ് വസതിയിൽ നടന്നത്.
രാഹുൽ ഗാന്ധിക്കു പുറമെ, പ്രിയങ്ക ഗാന്ധിയും പങ്കെടുത്തിരുന്നു. ഗുലാംനബി ആസാദ്, ആനന്ദ് ശർമ, ശശി തരൂർ തുടങ്ങിയവരാണ് കത്തെഴുതിയ സംഘത്തിൽനിന്ന് പങ്കെടുത്തത്. എ.കെ. ആൻറണി, അശോക് ഗെഹ്ലോട്ട്, അംബികാ സോണി തുടങ്ങിയവരാണ് പ്രവർത്തക സമിതിയിൽനിന്ന് ഉണ്ടായത്. സംഘടനാ തെരഞ്ഞെടുപ്പു വേണമെന്ന നിലപാട് 'വിമത' പ്രതിനിധികൾ ആവർത്തിച്ചു. അതുവഴി കോൺഗ്രസ് പ്രസിഡൻറിനെയും പ്രവർത്തക സമിതിയെയും കണ്ടെത്തണമെന്ന ആവശ്യമാണ് അവർ നേരത്തേ മുതൽ ഉന്നയിക്കുന്നത്. അങ്ങനെ ചെയ്യുേമ്പാൾതന്നെ, രാഹുൽ പ്രസിഡൻറാകുന്നതിന് അവർ അനുകൂലമാണ്. ''രാഹുലുമായി ആർക്കും ഒരു പ്രശ്നവുമില്ല, പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയ നടന്നു വരുകയാണ്'' -രാഹുൽ തിരിച്ചു വരുകയാണോ എന്ന ചോദ്യത്തിന് മറുപടിയായി യോഗശേഷം പവൻകുമാർ ബൻസൽ പറഞ്ഞു.
അടുത്ത 10 ദിവസത്തേക്ക് നീളുന്ന ചർച്ചയാണ് സോണിയ ഗാന്ധി ശനിയാഴ്ച തുടങ്ങിവെച്ചത്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളാണ് ചർച്ച ചെയ്തു വരുന്നത്. ബൂത്ത് തലത്തിൽ പ്രവർത്തനം ശക്തിപ്പെടുത്തി പ്രവർത്തകരെ ഉഷാറാക്കണം, മെച്ചപ്പെട്ട ആശയവിനിമയം നടക്കണം തുടങ്ങിയവ ആദ്യദിനത്തിൽ പ്രധാന നിർദേശങ്ങളായി ഉയർന്നു വന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിലും രാജസ്ഥാനിലും നേരിട്ട തിരിച്ചടി അടക്കമുള്ളവ ചർച്ചയായി. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ ഫലപ്രദമായി സമീപിക്കാൻ തന്ത്രം ആവിഷ്കരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ചിന്താശിബിരത്തിന് കോൺഗ്രസ്
ന്യൂഡൽഹി: പാർട്ടിക്ക് പുതിയ ദിശാബോധം നൽകുന്നതിനും നയപരിപാടികൾ രൂപപ്പെടുത്തുന്നതിനുമായി പഞ്ച്മഡി, ഷിംല മോഡൽ ചിന്താശിബിരങ്ങൾ വീണ്ടും നടത്താൻ കോൺഗ്രസ്. തുടർച്ചയായ നേതൃതല ചർച്ചക്ക് ഇത് അവസരമൊരുക്കുമെന്നും പാർട്ടി വിലയിരുത്തി.
കോൺഗ്രസ് പ്രതിപക്ഷത്തിരിക്കേയാണ്, തിരിച്ചു വരവിെൻറ സാധ്യതകൾ ചർച്ചചെയ്ത ചിന്താശിബിരങ്ങൾ നടന്നത്. സോണിയ ഗാന്ധി അധ്യക്ഷസ്ഥാനമേറ്റതിനു പിന്നാലെ1998 സെപ്റ്റംബറിലായിരുന്നു
പഞ്ച്മഡി ശിബിരം. ഏകകക്ഷി ഭരണമെന്ന സങ്കൽപം മാറ്റിവെച്ച് സഖ്യകക്ഷി ഭരണമെന്ന ലക്ഷ്യത്തിലേക്കുള്ള നയപരമായ തീരുമാനം 2003 ജൂലൈയിൽ നടന്ന ഷിംല ചിന്തൻ ശിബിരത്തിലാണ് ഉണ്ടായത്. 2004ൽ ഇടതു പിന്തുണയോടെ യു.പി.എ അധികാരത്തിൽ വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.