വിഭജനാനന്തര സാഹചര്യം നേരിടാനെന്ന്; ശ്രീനഗറിൽ വീണ്ടും നിയന്ത്രണങ്ങൾ
text_fieldsശ്രീനഗർ: പ്രത്യേകപദവി എടുത്തുകളഞ്ഞതിനു ശേഷം മൂന്നുമാസമായി ജനജീവിതം സ്തംഭിച്ച കശ്മീരിൽ വീണ്ടും നിയന്ത്രണങ്ങൾ. ക്രമസമാധാനം നിലനിർത്താൻ ശ്രീനഗറിലെ അഞ്ച് പൊലീസ് സ്റ്റേഷൻ പരിധികളിലും സൗറ പൊലീസ് സ്റ്റേഷെൻറ ചില ഭാഗങ്ങളിലുമാണ് വെള്ളിയാഴ്ച നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. ജമ്മു-കശ്മീർ സംസ്ഥാനത്തിനു പകരം ജമ്മു-കശ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണപ്രദേശങ്ങൾ കഴിഞ്ഞ ദിവസമാണ് നിലവിൽവന്നത്.
പ്രതിഷേധ പ്രകടനങ്ങൾക്കിടെ അക്രമങ്ങളുണ്ടാകുമോ എന്ന് ഭയന്നാണ് നടപടിയെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടുതൽ സുരക്ഷസേനയെയും വിന്യസിച്ചിട്ടുണ്ട്. കശ്മീരിൽ കടകൾ അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങൾ നിരത്തിലിറങ്ങുന്നില്ല. ഇതിനിടെ, തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ അക്രമികൾ ബി.ജെ.പി പ്രവർത്തകരുെട രണ്ടു വാഹനങ്ങൾ കത്തിച്ചു.
അതേസമയം, 10, 12 ക്ലാസുകളിലെ പരീക്ഷകൾ മുൻനിശ്ചയപ്രകാരം നടന്നു. എന്നാൽ, ആശങ്കയോടെയാണ് രക്ഷിതാക്കൾ കുട്ടികളെ പരീക്ഷ ഹാളിനു പുറത്ത് കാത്തിരുന്നത്. സ്കൂളുകൾ തുറക്കാൻ സർക്കാർ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും സുരക്ഷ ഭയന്ന് രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് വിടുന്നില്ല.
ലാൻഡ് ഫോൺ, പോസ്റ്റ്പെയ്ഡ് മൊബൈൽ ഫോൺ സർവിസുകൾ പുനഃസ്ഥാപിച്ചെങ്കിലും ഇൻറർനെറ്റ് സേവനം ആഗസ്റ്റ് അഞ്ചു മുതൽ റദ്ദാക്കിയിരിക്കുകയാണ്. മൂന്നു മുൻമുഖ്യമന്ത്രിമാരടക്കം നിരവധി ജനപ്രതിനിധികൾ വീട്ടുതടങ്കലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.