യു.പിയിൽ വീണ്ടും ട്രെയിൻ അപകടം; 100 പേർക്ക് പരിക്ക്
text_fieldsലഖ്നോ: 24 പേരുടെ മരണത്തിനിടയാക്കിയ കലിംഗ ഉദ്കൽ ട്രെയിൻ അപകടത്തിെൻറ ഞെട്ടൽ മാറുംമുമ്പ് ഉത്തർപ്രദേശിൽ വീണ്ടും അപകടം. അസംഗഢിൽനിന്ന് ഡൽഹിയിലേക്ക് വരുകയായിരുന്ന കെയ്ഫാത്ത് എക്സ്പ്രസ് ട്രെയിൻ ഒൗറിയ ജില്ലയിൽവെച്ച് ട്രക്കിൽ ഇടിച്ച് പാളംതെറ്റുകയായിരുന്നു. അപകടത്തിൽ 100 യാത്രക്കാർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ സായ്ഫായ്, ഇറ്റാവ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 2.50ഒാടെ പറ്റ-അച്ചാൽഡ സ്റ്റേഷനുകൾക്ക് ഇടയിലായിരുന്നു സംഭവം. 10 ബോഗികളിലുള്ള യാത്രക്കാർക്കാണ് പരിക്ക്. രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായെന്നും പരിക്കേറ്റവരെ മുഴുവൻ ആശുപത്രികളിലെത്തിച്ചെന്നും ഉത്തര-മധ്യ റെയിൽവേ വക്താവ് പറഞ്ഞു. അപകടത്തിെൻറ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത റെയിൽവേ മന്ത്രി സുരേഷ് പ്രഭു പ്രധാനമന്ത്രിയെ കണ്ട് രാജിസന്നദ്ധത അറിയിച്ചു.
ട്രാക്കിലെ പ്രവൃത്തികൾക്കായി മണ്ണുമായി വന്നതാണ് ട്രക്ക്. ലെവൽ ക്രേസിലേക്ക് മറിഞ്ഞ ട്രക്ക് ട്രെയിൻ എൻജിനിൽ ഇടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നും സംഭവശേഷം ഇയാൾ മുങ്ങിയെന്നും അലഹബാദ് റെയിൽവേ ഡിവിഷനൽ റെയിൽവേ മാനേജർ എസ്.കെ. പങ്കജ് അറിയിച്ചു. അപകടത്തെതുടർന്ന് ഡൽഹി ഹൗറ റൂട്ടിൽ ട്രെയിൻ ഗതാഗതം താറുമാറായി. ഹൗറ-ഡൽഹി രാജധാനി എക്സ്പ്രസ് ഉൾപ്പെടെ അഞ്ച് ട്രെയിനുകൾ വഴിമാറ്റിവിട്ടു. കാൺപുർ-ന്യൂഡൽഹി ശതാബ്ദി എക്സ്പ്രസ് ഉൾപ്പെടെ ഏഴ് ട്രെയിനുകൾ റദ്ദാക്കി. നാൽപതിലധികം ലോക്കൽ ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.
ശനിയാഴ്ചയാണ് മുസഫർ നഗർ ജില്ലയിൽ ഉദ്കൽ ട്രെയിൻ പാളംതെറ്റിയത്. ഇതിൽ 24പേർ മരണപ്പെടുകയും 156 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തുടർച്ചയായ ട്രെയിൻ അപകടങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി സുരേഷ് പ്രഭു രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. 38 മാസത്തിനിടെ 28 ട്രെയിൻ അപകടങ്ങൾ ഉണ്ടാവുകയും അതിൽ 300 പേർ കൊല്ലപ്പെടുകയും ചെയ്തെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.