പോക്സോ കേസിൽ അറസ്റ്റിലായ സന്യാസിക്കെതിരെ ഭൂമി ഇടപാടിൽ അറസ്റ്റ് വാറണ്ട്
text_fieldsമംഗളൂരു: ദലിത്, പിന്നാക്ക വിഭാഗക്കാരായ സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ചിത്രദുർഗ്ഗയിലെ ലിംഗായത്ത് സന്യാസിക്കെതിരെ ഭൂമി ഇടപാട് കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. മുരുഗ മഠാധിപതി ഡോ.ശിവമൂർത്തി മുരുഗക്കും കൂട്ടുപ്രതിക്കുമെതിരെ ചിത്രദുർഗ്ഗ അഡി.ചീഫ് മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി (നാല്) വാറണ്ട് പുറപ്പെടുവിച്ചത്.
കെൻഗേരി പൊലീസ് 2010 റജിസ്റ്റർ ചെയ്ത കേസിന്റെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിനെത്തുടർന്നാണ് കോടതി ഉത്തരവ്.സന്യാസിയും ആനന്ദ് കുമാർ എന്നയാളും ചേർന്ന് ഭൂമി ഇടപാടിൽ തട്ടിപ്പ് നടത്തിയതായി ആരോപിച്ച് പി.എസ്.പ്രകാശ് എന്ന പാഞ്ചിയാണ് പൊലീസിൽ പരാതി നൽകിയത്.രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ ഭൂമിയുള്ള മഠത്തിന്റെ ദക്ഷിണ ബംഗളൂരു കെൻഗേരി ഹൊബ്ലി സുലികെരെ ഗ്രാമത്തിലെ 7.18 ഏക്കർ വില്പനയിലെ തിരിമറിയിലൂടെ മഠത്തിന് ലഭിക്കേണ്ട ഏഴ് കോടിയിലേറെ രൂപ കൈമറഞ്ഞു എന്നാണ് പരാതി.ഏക്കറിന് കോടി രൂപ വിപണി വിലയുള്ള ഭൂമി 49 ലക്ഷം രൂപ നിരക്കിലാണ് മഠാധിപതി ആനന്ദ് കുമാറിന് വിറ്റത്.
കേസിന്റെ വാദം കേൾക്കൽ നവംബർ ഒന്നിലേക്ക് മാറ്റി.
മഠം വക ഹോസ്റ്റൽ അന്തേവാസികളായിരിക്കെ 15,16 വയസ്സുകാരായ കുട്ടികളെ പീഡിപ്പിച്ചു എന്ന കേസിൽ അറസ്റ്റിലായ സന്യാസിയെ കോടതി ഈ മാസം അഞ്ചു വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.സന്യാസി സമർപ്പിച്ച മുൻകൂർ ജാമ്യഹരജി നിലനിൽക്കേയാണ് ഭൂമി തട്ടിപ്പ് കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.