യാത്രാവിലക്കിനെതിരായ ബി.ആർ. ഷെട്ടിയുടെ ഹരജി തള്ളി
text_fieldsബംഗളൂരു: യു.എ.ഇയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ എമിഗ്രേഷൻ അധികൃതരുടെ നടപടിയെ ചോദ്യംചെയ്ത് പ്രമുഖ വ്യവസായി ബി.ആർ. ഷെട്ടി നൽകിയ ഹരജിയിൽ വീണ്ടും തിരിച്ചടി. കർണാടക ഹൈകോടതിയുടെ സിംഗ്ൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ ബുധനാഴ്ച ഡിവിഷൻ ബെഞ്ച് തള്ളി. നിയമത്തിെൻറയും വസ്തുതകളുടെയും അടിസ്ഥാനത്തിലുള്ള സിംഗ്ൾ ബെഞ്ചിെൻറ കണ്ടെത്തൽ രേഖപ്പെടുത്തുന്നതായി ഹരജി തള്ളിക്കൊണ്ട് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
എൻ.എം.സി ഹെൽത്ത് കെയർ, യു.എ.ഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനായ ബി.ആർ. ഷെട്ടി സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങൾ നിലനിൽക്കെ കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് നാട്ടിലേക്കു മടങ്ങിയത്. തുടർന്ന് കഴിഞ്ഞവർഷം നവംബർ 14ന് യു.എ.ഇയിലേക്ക് മടങ്ങാനുള്ള ശ്രമം എമിഗ്രേഷൻ അധികൃതർ തടയുകയായിരുന്നു. ഇൗ നടപടിക്കെതിരെ കർണാടക ഹൈകോടതിയെ സമീപിച്ചെങ്കിലും യാത്രാവിലക്ക് ശരിവെച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ സിംഗ്ൾ ബെഞ്ച് ഉത്തരവിട്ടു. ഇതോടെ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
വിധി വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഷെട്ടിയുടെ അഭിഭാഷകനായ സുൽഫിക്കർ മേമൻ പ്രതികരിച്ചു. ബാങ്ക് ബറോഡയുമായി ഷെട്ടിക്ക് സാമ്പത്തികബാധ്യത നിലനിൽക്കുന്നതിനാൽ ബാങ്ക് അധികൃതരുടെ നിർദേശപ്രകാരമാണ് എമിഗ്രേഷൻ വകുപ്പ് അദ്ദേഹത്തിന് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. സാമ്പത്തിക ബാധ്യത സംബന്ധിച്ച കേസ് കർണാടക ഹൈകോടതിയിലാണ്.
ബാങ്ക് നൽകിയ ഹരജിയിൽ, ഷെട്ടിയുടെയും ഭാര്യയുടെയും ജംഗമ സ്വത്തുക്കൾ കൈമാറുന്നത് വിലക്കി ഹൈകോടതി ഏപ്രിൽ 20ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അഭയ് എസ്. ഒാഖ, ജസ്റ്റിസ് സചിൻ ശങ്കർ മാഗധം എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഷെയറുകൾ, മ്യൂച്വൽ ഫണ്ടുകൾ, ബാങ്കുകളിലെ നിക്ഷേപങ്ങൾ എന്നിവ മാറ്റുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. ബി.ആർ. ഷെട്ടിയുടെയും ഭാര്യ ചന്ദ്രകുമാരി ആർ. ഷെട്ടിയുടെയും സ്ഥാവര സ്വത്തുക്കൾ കൈമാറുന്നത് മാത്രം തടഞ്ഞുള്ള കമേഴ്സ്യൽ കോടതിയുടെ 2020 ആഗസ്റ്റ് 28ലെ വിധിക്കെതിരെ ബാങ്ക് ഒാഫ് ബറോഡ കർണാടക ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
ബി.ആർ. ഷെട്ടിയുടെ ജംഗമവസ്തുക്കളുടെ വിവരം നൽകണമെന്നാവശ്യപ്പെട്ട് 2020 മേയിൽ ബാങ്ക് ഒാഫ് ബറോഡ അധികൃതർ നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം കൈമാറിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.