വനിത വിവാഹപ്രായം: ബില്ലിനെതിരെ പ്രതിപക്ഷം
text_fieldsന്യൂഡൽഹി: സ്ത്രീ-പുരുഷ വിവാഹപ്രായം 21 വയസ്സായി നിയമാനുസൃതം ഏകീകരിക്കാനുള്ള ബിൽ തിങ്കളാഴ്ച സർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ചേക്കും. എന്നാൽ, കോൺഗ്രസും സി.പി.എമ്മും അടക്കം പ്രതിപക്ഷ പാർട്ടികളെല്ലാംതന്നെ ബില്ലിന് എതിരാണ്. സ്ത്രീകളുടെ വിവാഹപ്രായം 18ൽനിന്ന് ഉയർത്തിയതു കൊണ്ട് അടിസ്ഥാന പ്രശ്നങ്ങൾക്ക് ഉത്തരമാകുന്നില്ലെന്നും ബില്ലിനു പിന്നിൽ ദുരൂഹതയുണ്ടെന്നുമാണ് പ്രതിപക്ഷ നിലപാട്.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപന പ്രകാരം നടപ്പു സമ്മേളനത്തിൽ ബിൽ കൊണ്ടുവരുന്നത് യു.പി അടക്കം വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ്. മുത്തലാഖിെൻറ കാര്യത്തിലെന്നപോലെ സാമുദായികമായ ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിതുറക്കുകയാണ് ബില്ലിലൂടെ സർക്കാർ ചെയ്യുന്നത്. തിങ്കളാഴ്ച ബിൽ പാർലമെൻറിൽ എത്തിയാലും ഉടൻ പാസാക്കാൻ ശ്രമിക്കണമെന്നില്ല. ജനശ്രദ്ധ നേടുകയാണ് ലക്ഷ്യം. ലോക്സഭക്കു പകരം, പ്രതിപക്ഷം കൂടുതൽ ശക്തമായ രാജ്യസഭയിൽ ബിൽ കൊണ്ടുവരുന്നതിൽതന്നെ രാഷ്ട്രീയം വ്യക്തമാണ്. അതേസമയം, സഭയുടെ അജണ്ടയിൽ ബിൽ ഉൾപ്പെടുത്തിയിട്ടില്ല.
ബില്ലിെൻറ കാര്യത്തിൽ കോൺഗ്രസ് വ്യക്തമായ നിലപാട് എടുത്തിട്ടില്ല. ബിൽ വരട്ടെ, നിലപാട് എടുക്കാം എന്നതാണ് ഇപ്പോഴത്തെ വിശദീകരണം. അതേസമയം, ഈ ബില്ലിലൂടെ സർക്കാർ ഉദ്ദേശിക്കുന്ന രാഷ്ട്രീയത്തിനുനേരെ വിരൽ ചൂണ്ടുകയാണ് പ്രതിപക്ഷം. അത് ദുരൂഹമാണെന്ന് കോൺഗ്രസും സി.പി.എമ്മും വ്യക്തമാക്കി. സി.പി.ഐ, മുസ്ലിംലീഗ്, എ.ഐ.എം.ഐ.എം തുടങ്ങി വിവിധ പാർട്ടികൾ ബില്ലിൽ എതിർപ്പ് പ്രകടിപ്പിച്ചു. സ്ത്രീശാക്തീകരണമാണ് ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് കരുതുന്നില്ലെന്ന് സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. അങ്ങനെയെങ്കിൽ സ്ത്രീശാക്തീകരണത്തിനുള്ള ബില്ലാണ് കൊണ്ടുവരേണ്ടത്. ഈ ബില്ലിൽ ഗൂഢലക്ഷ്യമാണ്. പാർട്ടി കൂട്ടായി ചർച്ച ചെയ്ത് ബില്ലിെൻറ കാര്യത്തിൽ നിലപാട് സ്വീകരിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
21 വയസ്സായി വിവാഹപ്രായം ഉയർത്തുന്നതിെൻറ അടിസ്ഥാനം എന്താണെന്ന് വ്യക്തമല്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാതെ ഇത്തരം നീക്കങ്ങൾ ഗുണംചെയ്യില്ലെന്നും യെച്ചൂരി പറഞ്ഞു. സർക്കാറിെൻറ നീക്കത്തിൽ ദുരൂഹതയുണ്ടെന്ന് ഡൽഹിയിലെത്തിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. സർക്കാറാകട്ടെ, രാഷ്ട്രീയം പുറത്തെടുത്തു കഴിഞ്ഞിട്ടുണ്ട്. വനിത ശാക്തീകരണത്തെ എതിർക്കുന്നവർ താലിബാനി മനോഭാവക്കാരാണെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.