'അന്വേഷണ ഏജൻസികൾ ബി.ജെ.പിയുടെ പോക്കറ്റ് സംഘടനയായി മാറി'- തെലങ്കാന മന്ത്രി ഹരീഷ് റാവു
text_fieldsഹൈദരാബാദ്: കേന്ദ്ര അന്വേഷണ ഏജൻസികൾ ഭാരതീയ ജനതാ പാർട്ടിയുടെ പോക്കറ്റ് സംഘടനയായി മാറിയെന്ന് തെലങ്കാന ആരോഗ്യ-ധനമന്ത്രി ഹരീഷ് റാവു. വെള്ളിയാഴ്ച തെലങ്കാനയിൽ നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം.
'പ്രതിപക്ഷത്തിനെതിരായ ഗൂഢാലോചനക്ക് ബി.ജെ.പി തിരക്കഥയൊരുക്കുകയാണ്. ബി.ജെ.പിയെ ആര് ചോദ്യം ചെയ്താലും അവർ ആക്രമിക്കപ്പെടുന്നു. പ്രതിപക്ഷത്തെ ലക്ഷ്യമിടുന്നതിനിടയിൽ ഭരിക്കാൻ പോലും അവർ മറന്ന് പോകുന്നു'- ഹരീഷ് റാവു പറഞ്ഞു.
സി.ബി.ഐ നോട്ടീസ് നൽകുന്നതിന്‍റെ ഒരു ദിവസം മുൻപ് തന്നെ നോട്ടീസ് നൽകുമെന്ന വിവരം ബി.ജെ.പി എം.പിമാർ വെളിപ്പെടുത്തുന്നു. എം.പിമാർ സി.ബി.ഐയുടെ ഭാഗമല്ലാഞ്ഞിട്ടും നോട്ടീസ് നൽകുമെന്ന കാര്യം എങ്ങനെയാണ് അവർക്ക് മുൻകൂട്ടി പറയാൻ സാധിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സി.ബി.ഐ അവർക്ക് വിവരങ്ങൾ ചോർത്തി നൽകിയാലോ അല്ലെങ്കിൽ ബി.ജെ.പി സി.ബി.ഐക്ക് നിർദേശങ്ങൾ നൽകിയാലോ മാത്രമേ ഇത് സാധ്യമാകുകയുള്ളു.
അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നത് പ്രതിപക്ഷ നേതാക്കൾക്കെതിരെ മാത്രമാണെന്നും ബി.ജെ.പി നേതാക്കൾക്കെതിരെയല്ലെന്നും റാവു ആരോപിച്ചു. ഏജൻസികൾ അവരുടെ പോക്കറ്റ് സംഘടനയായി മാറിയെന്ന് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രി കെ.സിആറിന്റെ കുടുംബാംഗങ്ങളുമായി കെജ്‌രിവാളും സിസോദിയയും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഡൽഹിയിൽ മദ്യനയം പുനഃസ്ഥാപിച്ചതെന്നാണ് ബി.ജെ.പിയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.