ലഡാക്കിന്‍റെ സംസ്ഥാന പദവിക്ക് പ്രക്ഷോഭം; ജമ്മു-കശ്മീർ തെരഞ്ഞെടുപ്പ് വൈകരുതെന്ന് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: ഭരണഘടനയുടെ 370ാം വകുപ്പ് നൽകിയ പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു-കശ്മീർ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ച കേന്ദ്രസർക്കാറിന് ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടയിൽ രണ്ടിടത്തുനിന്നും സമ്മർദം മുറുകുന്നു. ജമ്മു-കശ്മീരിൽ ഏറ്റവും വേഗം നിയമസഭ തെരഞ്ഞെടുപ്പ് നടത്തണമെന്നും ലഡാക്കിന് സംസ്ഥാന പദവി വേണമെന്നുമാണ് ആവശ്യം. ഈ മാസം 19 മുതൽ അനിശ്ചിതകാല നിരാഹാരസമരത്തിനുള്ള തീരുമാനത്തിലാണ് ലഡാക്കിൽ സമരമുഖത്തുള്ളവർ.
ജമ്മു-കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് ഏറ്റവും വേഗം നടത്തണമെന്ന് ലോക്സഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. സുപ്രീംകോടതി വിഷയത്തിൽ ഇടപെടുന്നതിനുമുമ്പ് കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കേണ്ടിയിരുന്നുവെന്ന് നാഷനൽ കോൺഫറൻസിലെ ഹസ്നൈൻ മസൂദി പറഞ്ഞു. ജമ്മു-കശ്മീർ തെരഞ്ഞെടുപ്പ് സെപ്റ്റംബറിനുമുമ്പ് നടത്തണമെന്നാണ് സുപ്രീംകോടതി ഏതാനും മാസം മുമ്പ് തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജമ്മു-കശ്മീർ തദ്ദേശ സ്ഥാപന നിയമഭേദഗതി ബില്ലിന്‍റെ ചർച്ചയിലാണ് പ്രതിപക്ഷം ആവശ്യമുന്നയിച്ചത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഒ.ബി.സി സംവരണത്തിന് വ്യവസ്ഥ ചെയ്യാൻ ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അവ്യക്തത അവസാനിപ്പിച്ച് സമയബന്ധിതമായി വോട്ടെടുപ്പ് നടത്താൻ സർക്കാറിന് സാധിക്കണമെന്ന് എൻ.സി.പിയിലെ സുപ്രിയ സുലെ പറഞ്ഞു. ജനാധിപത്യത്തിന്‍റെ വഴിയിലേക്ക് ജമ്മു-കശ്മീരിനെ കൊണ്ടുവരാൻ ഏകദേശ സമയക്രമമെങ്കിലും സർക്കാർ മുന്നോട്ടുവെക്കണമെന്നും ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
ലഡാക്കിലാകട്ടെ, സമരമുഖത്തുള്ളവരുടെ ആഹ്വാന പ്രകാരം കഴിഞ്ഞ ദിവസം ഹർത്താൽ നടന്നിരുന്നു. സംസ്ഥാന പദവി, ലഡാക്കിന് രണ്ടു ലോക്സഭ സീറ്റ്, പബ്ലിക് സർവിസ് കമീഷൻ തുടങ്ങിയ ആവശ്യങ്ങളാണ് ലേ അപെക്സ് ബോഡിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തുന്നവർ ഉന്നയിക്കുന്നത്. കേന്ദ്രം നിയോഗിച്ച ഉന്നതതല സമിതിയുമായുള്ള ചർച്ചകളിൽ പുരോഗതിയില്ലെന്ന് ചെയർമാനും ബി.ജെ.പി മുൻ എം.പിയുമായ തുപ്സ്റ്റൻ ഷെവാങ് പറഞ്ഞു. എന്നാൽ, വ്യക്തമായ ഉറപ്പുകൾ കിട്ടിയില്ലെങ്കിൽ 19 മുതൽ നിരാഹാരസമരം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.