കർഷക സമരം തുടരും; നിയമം റദ്ദാക്കാനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന്
text_fieldsന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചെങ്കിലും സമരം തുടരാൻ കർഷക സംഘടനകളുടെ കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം. നിയമങ്ങൾ റദ്ദാക്കുന്ന സാങ്കേതിക നടപടികൾ പൂർത്തിയാക്കണമെന്നും കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്നത് സംബന്ധിച്ച് നിയമ പരിരക്ഷ ലഭിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. നാളെ സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിന് മുന്നോടിയായാണ് ഇന്ന് കോർ കമ്മിറ്റി യോഗം ചേർന്നത്.
അതുവരെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള സമരപരിപാടികൾ നടത്താനാണ് തീരുമാനം. നവംബർ 22ന് ലഖ്നോവിൽ റാലിയും, നവംബർ 29ന് പാർലമെന്‍റിലേക്ക് ട്രാക്ടർ റാലിയും മാറ്റമില്ലാതെ നടക്കുമെന്ന് ക്രാന്തികാരി കിസാൻ യൂനിയൻ നേതാവ് ദർശൻ പാൽ സിങ് പ്രതികരിച്ചു.
വെറും പ്രഖ്യാപനത്തിനപ്പുറത്ത് നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ സമരം പിൻവലിക്കൂ എന്ന നിലപാടിലാണ് കർഷകരിപ്പോൾ. ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ സമരപ്പന്തലിൽ തന്നെ ഇരിക്കുമെന്ന് നേതാക്കൾ ഒന്നടങ്കം പറയുന്നു. മൂന്ന് കാർഷിക നിയമങ്ങളും പാർലമെന്റിൽ പിൻവലിക്കുന്നത് വരെ സമരം തുടരുമെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്ത് ഇന്നലെ തന്നെ പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.