അഗ്നിപഥ് പദ്ധതി: പ്രതിഷേധം കത്തിപ്പടരുന്നു; ബിഹാറിൽ ബി.ജെ.പി ഓഫിസ് തകർത്തു, ട്രെയിനിന് തീയിട്ടു
text_fieldsന്യൂഡൽഹി: സൈന്യത്തിലേക്ക് ഹ്രസ്വകാലത്തേക്ക് യുവാക്കളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമാസക്തമായ പ്രതിഷേധം തുടരുന്നു.
ബിഹാറിലെ നവാഡയിൽ ബി.ജെ.പി ഓഫിസും പാർട്ടി എം.എൽ.എ അരുണാ ദേവിയുടെ കാറും പ്രതിഷേധക്കാർ തകർത്തു. എം.എൽ.എ അടക്കമുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. പട്‌ന-രാജധാനി എക്‌സ്പ്രസ് പ്രതിഷേധക്കാർ തടഞ്ഞുവെച്ചു. പട്‌നയിൽ 10 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പലയിടങ്ങളിലും പ്രതിഷേധക്കാർ റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെടുത്തി. 'ഇന്ത്യൻ ആർമി ലവേഴ്‌സ്' എന്ന ബാനറിൽ സംഘടിച്ചെത്തിയവർ ബാബ്ഹുവാ റെയിൽവേ സ്‌റ്റേഷനിൽ ഇൻറർസിറ്റി എക്‌സ്പ്രസ് ട്രെയിൻ തകർക്കുകയും ഒരു കോച്ചിന് തീയിടുകയും ചെയ്തു. നിരവധി ബസുകളും തകർത്തു.
ജയ്പൂരിൽ അജ്മീർ-ഡൽഹി ദേശീയപാത ഉപരോധിച്ചു. ആഗ്രയിലും ജോധ്പൂരിലും പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തിവീശി. ഡൽഹി നംഗ്ലോയി സ്റ്റേഷനിൽ റെയിൽ പാളത്തിൽ പ്രതിഷേധം അരങ്ങേറി. ഹരിയാനയിലും പ്രതിഷേധം രൂക്ഷമായിരിക്കുകയാണ്. പ്രതിഷേധത്തെ തുടർന്ന് 22 ട്രെയിനുകൾ റദ്ദാക്കിയതായും അഞ്ചു ട്രെയിനുകൾ യാത്ര ഇടക്കു വെച്ച് നിർത്തിയതായും ഈസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചു.
അതേസമയം, പദ്ധതിയിൽനിന്ന് പിന്നോട്ടില്ലെന്നാണ് കേന്ദ്രസർക്കാറിന്റെ വിശദീകരണം. പല രാജ്യങ്ങളും സമാനമായ നിയമനം സൈന്യത്തിൽ നടത്തുന്നുണ്ടെന്നും രണ്ട് വർഷത്തോളം നീണ്ട കൂടിയാലോചനകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും കേന്ദ്രം പറയുന്നു. സേനയിൽ നിശ്ചിത കാലം തൊഴിൽ പരിശീലനം ലഭിക്കുന്ന യുവാക്കൾക്ക് കൂടുതൽ തൊഴിൽ സാധ്യതകൾ തുറന്നുകിട്ടുമെന്നും കേന്ദ്രസർക്കാർ വിശദീകരിക്കുന്നു.
അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്രസര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. യുവാക്കളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. 'റാങ്കില്ല, പെന്‍ഷനില്ല... രണ്ട് വര്‍ഷത്തേക്ക് നേരിട്ടുള്ള നിയമനമില്ല, നാല് വര്‍ഷത്തിനു ശേഷം ഭാവിയെന്തെന്ന് സ്ഥിരതയില്ല, സൈന്യത്തോട് ബഹുമാനമില്ല, തൊഴില്‍രഹിതരുടെ ശബ്ദം കേള്‍ക്കുവിന്‍' രാഹുല്‍ ട്വീറ്റ് ചെയ്തു.
അഗ്നിപഥ് പദ്ധതി പ്രകാരം നാലുവർഷം സേവനം ചെയ്തവരിൽ 25 ശതമാനം പേർക്ക് മാത്രമാണ് തുടർന്നും പ്രവർത്തിക്കാനാകുക. അല്ലാത്തവർക്ക് ജോലി നഷ്ടപ്പെടുന്നതിനൊപ്പം പെൻഷനോ മറ്റു ആനൂകൂല്യങ്ങളോ ഉണ്ടാകില്ല. ഈ സാഹചര്യത്തിലാണ് രാജ്യവ്യാപക പ്രതിഷേധം നടക്കുന്നത്. ഹ്രസ്വകാല നിയമനങ്ങൾ സേനകളുടെ മികവിനെ ബാധിക്കുമെന്ന് വിരമിച്ച ഉന്നത സൈനികർ അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.