അഗ്നിപഥ് നിയമനം 90 ദിവസത്തിനകമെന്ന് എയർമാർഷൽ
text_fieldsതിരുവനന്തപുരം: സായുധസേനയിൽ യുവാക്കളെ തെരഞ്ഞെടുക്കാൻ ആവിഷ്കരിച്ച 'അഗ്നിപഥ്' പദ്ധതിയിൽ 90 ദിവസത്തിനകം റിക്രൂട്ട്മെന്‍റ് റാലികൾ ആരംഭിക്കുമെന്ന് വ്യോമസേന സീനിയർ എയർ സ്റ്റാഫ് ഓഫിസർ എയർമാർഷൽ ബി. സാജു അറിയിച്ചു. നാല് വർഷത്തേക്കാണ് ഇവരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി നിയോഗിക്കുക. കര, നാവിക, വ്യോമസേനകളിൽ യോഗ്യതകൾക്കനുസരിച്ച് നിയമിക്കും. പ്രതിമാസ വേതനത്തോടൊപ്പം മൂന്ന് സേനയിലും ബാധകമായ റിസ്ക്, ഹാർഡ്ഷിപ് അലവൻസുകളും നൽകും. നാല് വർഷത്തെ സേവന കാലാവധി കഴിയുമ്പോൾ ഇവർക്ക് ഒറ്റത്തവണ സേവാനിധി പാക്കേജ് ലഭിക്കും. ഈ വർഷം 46,000 പേരെ നിയമിക്കുമെന്നും ഇതോടെ സേന കൂടുതൽ യുവത്വമുള്ളതാകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഗ്രാറ്റ്വിറ്റിയും പെൻഷനും ഉണ്ടാകില്ല. സേവന കാലാവധിയിൽ 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
ജീവഹാനിയുണ്ടായാൽ ഒരു കോടിയിലേറെ രൂപ കുടുംബത്തിന് ലഭിക്കും. പത്താം ക്ലാസ് കഴിഞ്ഞും പ്ലസ് ടു കഴിഞ്ഞുമാണ് ഇതിലേക്ക് തെരഞ്ഞെടുക്കുക. പത്താം ക്ലാസ് കഴിഞ്ഞവർക്ക് പ്ലസ് ടു പഠനാവസരം ഉണ്ടാകും. സേവന കാലാവധിക്കുശേഷം മികച്ച 25 ശതമാനം പേരെ സർവിസിലേക്ക് സ്വീകരിക്കും. തുടർന്ന് 15 വർഷം സൈനിക സേവനത്തിന് ലഭിക്കും. രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലും ഇവർക്ക് തൊഴിലവസര സാധ്യതകൾ ഒരുക്കും. തിരുവനന്തപുരത്തെ പ്രതിരോധ വക്താവ് ധന്യ സനലും ഉന്നത ഓഫിസർമാരും പങ്കെടുത്തു.
'അഗ്നിവീർ' സൈനികർക്കായി പ്രത്യേക ബിരുദ കോഴ്സ്
ന്യൂഡൽഹി: സൈന്യത്തിലേക്ക് കരാർ നിയമനപ്രകാരം റിക്രൂട്ട് ചെയ്യപ്പെടുന്ന സൈനികർ നാലുവർഷം കഴിഞ്ഞ് വിരമിക്കുമ്പോൾ അവരുടെ ജോലിസാധ്യത ഉറപ്പാക്കുന്നതിനായി പ്രത്യേക ബിരുദ കോഴ്സുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. മൂന്നുവർഷത്തെ ബിരുദ കോഴ്സിന് ഇന്ദിര ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റിയുമായി (ഇഗ്നോ) കര, നാവിക, വ്യോമസേന കരാറിൽ ഒപ്പുവെക്കും.
ബിരുദ കോഴ്സിനാവശ്യമായ മാർക്കിൽ 50 ശതമാനം ക്രെഡിറ്റ്, സൈനികരായി സേവനമനുഷ്ഠിച്ച കാലയളവിലെ പ്രത്യേക പരിശീലനത്തിൽനിന്ന് ലഭിക്കും.
ബാക്കി 50 ശതമാനം ക്രെഡിറ്റ്, ബിരുദ പഠനത്തിലൂടെയുമായിരിക്കും ലഭിക്കുക. ആർട്സ്, സയൻസ് ഉൾപ്പെടെ വിവിധ വിഷയങ്ങൾ പഠനത്തിനായി തിരഞ്ഞെടുക്കാം. ഇഗ്നോയുടെ ഈ പ്രത്യേക കോഴ്സിന് വിദേശത്തും ഇന്ത്യയിലും അംഗീകാരമുണ്ടാകും.
യു.ജി.സി മാനദണ്ഡപ്രകാരവും പുതിയ ദേശീയ വിദ്യാഭ്യാസ നയവും പാലിച്ചുകൊണ്ടായിരിക്കും കോഴ്സ്.
മൂന്നു വർഷത്തെ കോഴ്സിൽ ഒരുവർഷംകൊണ്ട് പഠനം പൂർത്തിയാക്കാനും അവസരമുണ്ട്.
ആദ്യത്തെ ഒരുവർഷം പൂർത്തിയാക്കുന്നവർക്ക് ബിരുദ സർട്ടിഫിക്കറ്റും രണ്ടു വർഷം പൂർത്തിയാക്കുന്നവർക്ക് ബിരുദ ഡിപ്ലോമ സർട്ടിഫിക്കറ്റും മൂന്നുവർഷത്തെ കോഴ്സ് മുഴുവനായും പൂർത്തിയാക്കുന്നവർക്ക് സമ്പൂർണ ഡിഗ്രി സർട്ടിഫിക്കറ്റും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.