അഗ്നിപഥ്: മോദി സർക്കാർ ദേശസുരക്ഷ അപകടത്തിലാക്കുന്നു -ഖാർഗെ
text_fieldsന്യൂഡൽഹി: സൈന്യത്തിലേക്ക് യുവാക്കളെ താൽക്കാലികമായി നിയമിക്കുന്ന അഗ്നിപഥ് പദ്ധതി അടിച്ചേൽപിച്ചതു വഴി മോദി സർക്കാർ ദേശ സുരക്ഷ അപകടത്തിലാക്കിയെന്ന് കോൺഗ്രസ്. പാർട്ടി അധികാരത്തിലെത്തിയാൽ പദ്ധതി റദ്ദാക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മൂന്ന് ചോദ്യങ്ങളാണ് സർക്കാറിനോട് ചോദിക്കാനുള്ളത്. ഇതിനുള്ള തക്ക മറുപടി തെരഞ്ഞെടുപ്പിെന്റ അവസാന ഘട്ടത്തിൽ വോട്ടർമാർ ബി.ജെ.പിക്ക് നൽകും.
സൈന്യത്തിലേക്ക് പ്രതിവർഷം 75,000 നിയമനം നടന്നത് അഗ്നിപഥ് പദ്ധതി വന്നശേഷം 46,000 ആയി കുറഞ്ഞുവെന്നത് സത്യമല്ലേ? പദ്ധതി പുനഃപരിശോധിക്കുമെന്നും മാറ്റങ്ങൾ വരുത്തുമെന്നും പ്രതിരോധമന്ത്രി ആവർത്തിച്ച് പറയുന്നത് സത്യമല്ലേ? പുതിയ സൈനികരുടെ എണ്ണത്തിലുള്ള കുറവിൽ സൈനികകാര്യ വകുപ്പും സൈന്യവും ആശങ്ക പ്രകടിപ്പിച്ചത് സത്യമല്ലേ?- ഖാർഗെ എക്സിൽ ചോദിച്ചു.
ഒരു ഭാഗത്ത് രാജ്യത്തിെന്റ അതിർത്തികൾ ചൈനയിൽനിന്നുള്ള നുഴഞ്ഞുകയറ്റവും കൈയേറ്റവും നേരിടുകയാണ്. ഇത് തടയാൻ കൂടുതൽ സൈനിക ശക്തി ആവശ്യമാണ്. മറുഭാഗത്ത്, അഗ്നിപഥ് പദ്ധതിയിലൂടെ മോദി സർക്കാർ ദേശസ്നേഹികളായ യുവാക്കളുടെ ജീവിതം തകർക്കുന്നു. അഗ്നിപഥ് പദ്ധതി ഇല്ലാതാക്കുമെന്ന് കോൺഗ്രസ് ഗാരന്റി നൽകുന്നു. അപ്പോൾ മാത്രമാണ് ദേശസ്നേഹികളായ യുവാക്കൾക്ക് നീതി ലഭിക്കുകയെന്നും ഖാർഗെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.