അഗ്നിപഥ്: കേന്ദ്രത്തിനെതിരെ വിമർശനവുമായി നേതാക്കൾ
text_fieldsന്യൂഡൽഹി: സൈന്യത്തിലേക്ക് നാലുവർഷത്തേക്ക് യുവാക്കളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്ന അഗ്നിപഥ് പദ്ധതിയിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി നേതാക്കൾ.
രാജ്യത്തെ ജനങ്ങൾക്ക് എന്താണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മനസ്സിലാകില്ലെന്നും അദ്ദേഹത്തിന്‍റെ 'സുഹൃത്തുക്കളുടെ' ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ജനങ്ങളുടെ ക്ഷേമത്തിനാണെന്നു പറഞ്ഞ് കേന്ദ്രം കൊണ്ടുവരുന്ന പദ്ധതികളെല്ലാം പൗരന്മാർ തള്ളിക്കളയുകയാണെന്ന് രാഹുൽ പറഞ്ഞു. അഗ്നിപഥ് പദ്ധതി യുവാക്കൾ നിരസിച്ചു. കാർഷിക നിയമം കർഷകരും തള്ളിക്കളഞ്ഞു, നോട്ട് നിരോധനത്തെ സാമ്പത്തിക വിദഗ്ധരും എതിർത്തു, ജി.എസ്.ടിയെ വ്യാപാരികളും എതിർത്തു.
അതേസമയം, അഗ്നിപഥ് പദ്ധതി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ജെ.ഡി.യു. ഉദ്യോഗാർഥികളുടെ പ്രക്ഷോഭം ബിഹാറിൽ ശക്തമായിരിക്കെയാണ് വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജെ.ഡി.യു ദേശീയ അധ്യക്ഷൻ രാജീവ് രഞ്ജൻ സിങ് (ലലൻ സിങ്) വിഡിയോ സന്ദേശം പുറത്തുവിട്ടത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ സഖ്യകക്ഷികളിലൊന്നാണ് ജെ.ഡി.യു.
സൈന്യത്തിലെ പരിഷ്കരണം ഉദ്ദേശിച്ചല്ല പദ്ധതി കൊണ്ടുവരുന്നതെന്നും ഇപ്പോഴുള്ള റിക്രൂട്ട്മെന്‍റ് രീതികളെ തകർക്കാനാണെന്നും മുൻ കേന്ദ്രമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ശരദ് യാദവ് ആരോപിച്ചു. യുവാക്കളുടെ ശോഭനമായ ഭാവി ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തിക്കുന്നതെന്നും അതിന്‍റെ തെളിവാണ് അഗ്നിപഥ് പദ്ധതിയുടെ പ്രായപരിധി 23 ആയി ഉയർത്തിയതെന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.