അഗ്നിപഥ്: പ്രതിഷേധങ്ങൾ പ്രതീക്ഷിച്ചില്ലെന്ന് നാവികസേനാ മേധാവി
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ ഉയർന്ന രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ പ്രതീക്ഷിച്ചതല്ലെന്ന് നാവിക സേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ.
അഗ്നിപഥ് പ്രാവർത്തികമാക്കുന്നതിനായി ഒന്നര വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്. ഇതൊരു പുതിയ മാറ്റത്തിനായുള്ള പദ്ധതിയാണ്. സായുധ സേനയിൽ പല വിധത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പദ്ധതിക്കാവുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സൈന്യത്തിന് ഏറ്റവും കൂടുതൽ മനുഷ്യശേഷി ലഭ്യമാകുന്ന സംവിധാനമാണിത്. പദ്ധതി രാജ്യത്തിനും യുവ ജനങ്ങൾക്കും ഗുണകരമാണ്. അവർക്ക് കൂടുതൽ സാധ്യതകൾ തുറന്നു നൽകുന്നതാണിത്.
പ്രതിഷേധങ്ങൾ ഉയരുന്നത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. പ്രതിഷേധക്കാർക്ക് പദ്ധതിയെ കുറിച്ച് തെറ്റിദ്ധരണയാണുള്ളതെന്നും നാവിക സേനാ മേധാവി പറഞ്ഞു.
നേരത്തെ ഒരാൾക്ക് സൈനിക സേവനത്തിന് അർഹത ലഭിച്ചിരുന്ന സ്ഥാനത്ത് ഈ പദ്ധതി വഴി നാലു പേർക്ക് സേവനത്തിന് സാഹചര്യമൊരുങ്ങുന്നുണ്ട്. നാലു വർഷം മാത്രമാണ് സൈനിക സേവനം എന്നത് സാധ്യതയാണെന്നും നാവിക സേനാ മേധാവി പറയുന്നു. അഗ്നി വീരർക്ക് സൈനിക സേവനം തന്നെ പ്രഫഷനായി തെരഞ്ഞെടുക്കണോ മറ്റെതെങ്കിലും ജോലി വേണൊ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇതിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിക്കെതിരെ ബിഹാർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, തെലങ്കാന എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളി പ്രതിഷേധമുയർന്നു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിനിടെ തെലങ്കാനയിലെ സെക്കന്തരാബാദിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ 19 കാരൻ മരിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാൻ 12 ഓളം ട്രെയിനുകൾ കത്തിക്കുകയും റെയിൽവെ ട്രാക്കുകൾ തീയിടുകയും പൊതുമുതലുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
പദ്ധതി സംബന്ധിച്ച് നേരത്തെ വിവരങ്ങൾ പുറത്തു വിട്ടിരുന്നെങ്കിലും അന്നൊന്നും പ്രതിഷേധങ്ങൾ ഉണ്ടാവുകയോ പ്രതിപക്ഷം എതിർക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ പദ്ധതി പ്രഖ്യാപിച്ച് ഒരു ദിവസം കഴിഞ്ഞതോടെയാണ് പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ഉദ്യോഗാർഥികളുടെ പ്രതിഷേധം രൂക്ഷമായതോടെ പദ്ധതിക്കെതിരെ പ്രതിപക്ഷ പാർട്ടികും രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരെ തണുപ്പിക്കുന്നതിന്റെ ഭാഗാമയി പദ്ധതിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഒറ്റത്തവണത്തേക്ക് കേന്ദ്ര സർക്കാർ ഉയർത്തിയിരുന്നെങ്കിലും അതൊന്നും പ്രതിഷേധം ശമിപ്പിക്കാൻ പര്യാപ്തമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.