അഗ്നിപഥിനെതിരെ പ്രതിഷേധിക്കുന്നവരുടെ വീടുകൾ പൊളിച്ച് മാറ്റുമോയെന്ന് ഉവൈസി
text_fieldsന്യൂഡൽഹി: സൈനിക റിക്രൂട്ട്മെന്‍റ് പദ്ധതിയായ അഗ്നിപഥിനെതിരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധങ്ങൾക്കിടെ വിഷയത്തിൽ കേന്ദ്രത്തെ വിമർശിച്ച് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഉവൈസി. അഗ്നിപഥിനെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത എത്ര പേരുടെ വീടുകൾ ബുൽഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് അദ്ദേഹം ചോദിച്ചു.
പ്രവാചക നിന്ദയുടെ പേരിൽ കഴിഞ്ഞാഴ്ച നടന്ന അക്രമങ്ങളിൽ ഉൾപ്പെട്ടവരുടെ വീടുകൾ പൊളിച്ച് മാറ്റിയതാണ് ഉവൈസിയുടെ പരാമർശത്തിന് കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെറ്റായ തീരുമാനം കാരണം രാജ്യത്തെ യുവാക്കൾ തെരുവിലായിരിക്കുകയാണ്. ഇനി എത്ര പേരുടെ വീടുകൽ ഇത്തരത്തിൽ തകർക്കും. നിങ്ങൾ ആരുടെയും വീടുകൾ പൊളിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധക്കാർ കുട്ടികളാണെന്നും അവരെ ഉപദേശിക്കേണ്ട ആവശ്യമുണ്ടെന്നും വാരണാസിയിലെ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി മുസ്ലീംകൾ നിങ്ങളുടെ കുട്ടികളല്ലെയെന്ന് ഉവൈസി ചോദിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച നിങ്ങൾ ഞങ്ങളോട് സംസാരിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജെ.എൻ.യു വിദ്യാർഥി അഫ്രീൻ ഫാത്തിമയുടെ വീട് തകർത്തത് അവരുടെ പിതാവ് ജാവേദ് മുഹമ്മദ് പ്രയാഗ്‌രാജിൽ പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ്. കോടതിക്ക് അവർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കാം. അല്ലാതെ ഭാര്യയെയും മക്കളെയുമല്ല ശിക്ഷിക്കേണ്ടത്. ഇതാണോ നിങ്ങളുടെ നീതിയെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച പ്രവാചക നിന്ദയുടെ പേരിൽ ബി.ജെ.പി നേതാവ് നുപൂർ ശർമക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്നത്. മിക്ക സ്ഥലങ്ങളിലും പ്രതിഷേധ സമരങ്ങൾ പിന്നീട് വലിയ അക്രമങ്ങളിൽ കലാശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.