അഗ്നിപഥ്: ഇന്നും പ്രതിഷേധം; യു.പിയിൽ റെയിൽവേ സ്റ്റേഷൻ തകർത്തു
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥിനെതിരെ ഇന്നും പ്രതിഷേധം തുടരുന്നു. ഉത്തർ പ്രദേശിലെ ബാല്ലിയ ജില്ലയിലാണ് ഉദ്യോഗാർഥികൾ രാവിലെ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാർ റെയിൽവ സ്റ്റേഷനിൽ നാശനഷ്ടം വരുത്തി. പ്രതിഷേധക്കാർ കൈയിൽ കരുതിയ വടികൾകൊണ്ട് റെയിൽവേ സ്റ്റേഷനിലെ കടകളും ബെഞ്ചുകളും തല്ലിത്തകർത്തു. ആളുകൾ കൂടിയതോടെ പൊലീസ് രംഗത്തെത്തി ജനങ്ങളോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരോട് സംസാരിച്ച് റെയിൽവേ സ്റ്റേഷനിൽ നിന്ന് അവരെ തിരിച്ചയച്ചുവെന്ന് ബാല്ലിയ പൊലീസ് പറഞ്ഞു.
അതേസമയം, മറ്റൊരു സംഘം പ്രതിഷേധക്കാർ റെയിൽവേ സ്റ്റേഷന് പുറത്ത് വടികളുൾപ്പെടെ ആയുധങ്ങളുമായി എത്തി പൊലീസുമായി തർക്കം തുടങ്ങി. വൻ നാശം വിതക്കുന്നതിൽ നിന്ന് ജനക്കൂട്ടത്തെ തടയാൻ പൊലീസ് ആയിട്ടുണ്ടെന്ന് ബാല്ലിയ പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിലാണ് ആദ്യം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. തൊട്ടുപിറകെ ഹരിയാന, യു.പി എന്നിവിടങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുകയായിരുന്നു.
അക്രമാസക്തമായ പ്രതിഷേധം മൂലം ഹരിയാനയിലെ പൽവാലിൽ ഫോൺ ഇന്റർനെറ്റ് സൗകര്യവും എസ്.എം.എസ് സൗകര്യവും 24 മണിക്കൂർ നേരത്തേക്ക് നിൽത്തിവെച്ചു. പ്രതിഷേധത്ത തുടർന്ന് അഗ്നിപഥിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 21ൽ നിന്ന് 23 ആക്കി കേന്ദ്ര സർക്കാർ ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.