അഗ്നിപഥ്: പ്രതിഷേധം സമാധാനപൂർവമാകണം; പ്രതിഷേധക്കാർക്കൊപ്പമെന്ന് സോണിയാ ഗാന്ധി
text_fieldsന്യൂഡൽഹി: ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതി അഗ്നിപഥിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.
സർക്കാർ നിങ്ങളുടെ ശബ്ദം കേൾക്കാതെ പുതിയ പദ്ധതി പ്രഖ്യാപിച്ചതിൽ എനിക്ക് ദുഃഖമുണ്ട്. ഒരു ലക്ഷ്യമില്ലാത്ത പദ്ധതിയാണത്. നിങ്ങൾ അഹിംസാത്മകമായി സമാധാനപൂർവം പ്രതിഷേധിക്കണമെന്ന് അപേക്ഷിക്കുകയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിങ്ങൾക്കൊപ്പമുണ്ടെന്നും സോണിയാഗാന്ധി പത്രക്കുറിപ്പിൽ പറഞ്ഞു. കോവിഡ് ബാധിതയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് സോണിയ.
നേരത്തെ രാഹുൽ ഗാന്ധി അഗ്നിപഥ് പദ്ധതി കേന്ദ്രസർക്കാറിന് പിൻവലിക്കേണ്ടി വരുമെന്ന് പറഞ്ഞിരുന്നു. പ്രിയങ്കാ ഗാന്ധിയും പദ്ധതിക്കെതിരെ രംഗത്തെത്തുകയും പദ്ധതി പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എട്ട് സംസ്ഥാനങ്ങളിലേക്ക് പടർന്ന അഗ്നിപഥ് പ്രതിഷേധം ബിഹാറിലാണ് ഏറ്റവും രൂക്ഷമായത്. ബിഹാറിൽ പ്രതിഷേധക്കാർ അക്രമാസക്തരാവുകയും റെയിൽവേയുടെതുൾപ്പെടെ പൊതുമുതലുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ബിഹാറിൽ മാത്രം റെയിൽവേക്ക് 200 കോടിയുടെ നഷ്ടമുണ്ടായെന്നാണ് മന്ത്രാലയം കണക്കാക്കിയിരിക്കുന്നത്.
തെലങ്കാനയിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയുമുണ്ടായി. പ്രതിഷേധം ഇന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും വ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.