അഗ്നിപഥ്: കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി സത്യഗ്രഹം നടത്തും
text_fieldsന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി സത്യഗ്രഹം നടത്തും. കേന്ദ്ര സർക്കാറിന്‍റെ പുതിയ ഹ്രസ്വകാല റിക്രൂട്ട്മെന്‍റ് പദ്ധതി രാജ്യസുരക്ഷക്കും ഇന്ത്യൻ സൈന്യത്തിനും ഗുണകരമാവില്ല എന്നാരോപിച്ചാണ് കോൺഗ്രസ് സത്യഗ്രഹം നടത്തുന്നത്.
നേരത്തെ ജൂൺ 20ന് കോൺഗ്രസിന്‍റെ ഏഴംഗ പ്രതിനിധി സംഘം അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടിരുന്നു. പദ്ധതി തെറ്റായതും വഴിതെറ്റിക്കുന്നതുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം നിവേദനം സമർപ്പിച്ച ശേഷം പറഞ്ഞു. ഈ പദ്ധതി സായുധ സേനയുടെ കാര്യക്ഷമത കുറക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കര, നാവിക, വ്യോമസേന മേധാവികളും ചേർന്ന് ജൂൺ 14നാണ് അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. യുവാക്കളെ നാലു വർഷത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. നാല് വർഷത്തിന് ശേഷം 75 ശതമാനം പേരെ തിരിച്ചയക്കുകയും 25 ശതമാനം ആളുകളെ 15 വർഷത്തേക്ക് കൂടി നിലനിർത്തുകയും ചെയ്യും. തിരിച്ചയക്കുന്നവർക്ക് 11.71 ലക്ഷം രൂപയുടെ പാക്കേജ് ലഭിക്കും. 17.5 മുതൽ 21 വയസ് വരെയുള്ളവർക്ക് മാത്രമേ അപേക്ഷിക്കാനാവൂ എന്നതായിരുന്നു ആദ്യത്തെ വ്യവസ്ഥ. എന്നാൽ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ആദ്യ ബാച്ചിന് കേന്ദ്ര സർക്കാർ വയസിളവ് പ്രഖ്യാപിച്ചിരുന്നു.
അഗ്നിപഥ് പദ്ധതിയിലൂടെ സ്ഥിരനിയമനത്തിനുള്ള അവസരവും പെൻഷൻ ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങളും നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി യുവാക്കൾ പ്രതിഷേധിച്ചു. പലയിടത്തും പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. അതേസമയം അഗ്നിപഥ് പദ്ധതി പ്രകാരമുള്ള റിക്രൂട്ട്മെന്റിനായി സൈന്യം വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.