കർഷക നിയമം പോലെ അഗ്നിപഥ് പദ്ധതിയും പ്രധാനമന്ത്രിക്ക് ഉപേക്ഷിക്കേണ്ടി വരും- രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: കർഷകരുടെ നിരന്തര പ്രതിഷേധത്തെ തുടർന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കേണ്ടി വന്നത് പോലെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതി പിൻവലിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതരാകുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഗ്നിപഥ് റിക്രൂട്ട്‌മെന്റിനെതിരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
കഴിഞ്ഞ വർഷം മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചപ്പോൾ കർഷകരോട് മാപ്പ് പറയേണ്ടി വന്ന പ്രധാനമന്ത്രിക്ക് ഇത്തവണയും രാജ്യത്തെ യുവാക്കളോട് മാപ്പ് പറയേണ്ടി വരുമെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. തുടർച്ചയായി എട്ട് വർഷം ബി.ജെ.പി സർക്കാർ 'ജയ് ജവാൻ, ജയ് കിസാൻ' മൂല്യങ്ങളെ അവഹേളിച്ചു. പ്രധാനമന്ത്രിക്ക് കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വരുമെന്ന് താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സമാനരീതിയിൽ അഗ്നീപഥ് വിഷയത്തിലും അദ്ദേഹത്തിന് രാജ്യത്തെ യുവാക്കള അനുസരിച്ച് ഉത്തരവുകൾ തിരിച്ചെടുക്കേണ്ടി വരുമെന്നും രാഹുൽ പറഞ്ഞു.
തൊഴിൽരഹിതരായ യുവാക്കളുടെ വേദനയും നിരാശയും സർക്കാർ മനസ്സിലാക്കുന്നില്ലെന്നും അവരെ സഹായിക്കുന്നതിനുപകരം നിയമനം, റാങ്ക് എന്നിവയെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇല്ലാതാക്കുകയുമാണ് സർക്കാർ ചെയ്യുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ആരോപിച്ചു.
17നും 21നുമിടയിൽ പ്രായമുള്ള യുവാക്കളെ നാലുവർഷത്തേക്ക് സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുഴമന്നും അതിൽ 25 ശതമാനം പേർക്ക് സ്ഥിരനിയമനം നൽകുമെന്നുമാണ് കേന്ദ്രസർക്കാർ ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. അഗ്നിപഥ് എന്ന് പേരിട്ട് പദ്ധതി പ്രകാരം നാലുവർഷം സേവനം ചെയ്തവരിൽ 25 ശതമാനം പേർക്ക് മാത്രമാണ് തുടർന്നും പ്രവർത്തിക്കാനാകുക. അല്ലാത്തവർക്ക് ജോലി നഷ്ടപ്പെടുന്നതിനൊപ്പം പെൻഷനോ മറ്റു ആനൂകൂല്യങ്ങളോ ഉണ്ടാകില്ല. ഈ സാഹചര്യത്തിലാണ് രാജ്യവ്യാപക പ്രതിഷേധം നടക്കുന്നത്. ഹ്രസ്വകാല നിയമനങ്ങൾ സേനകളുടെ മികവിനെ ബാധിക്കുമെന്ന് വിരമിച്ച ഉന്നത സൈനികർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.