അഗ്നിവീർ; ജമ്മു കശ്മീരിൽ നിന്നുള്ള ആദ്യ സംഘം സേനയിൽ പരിശീലനത്തിന് ചേർന്നു
text_fieldsന്യൂഡൽഹി: ജമ്മു കശ്മീരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ച് 'അഗ്നിവീർ' സംഘം ഇന്ത്യൻ സൈന്യത്തിൽ പരിശീലനത്തിന് ചേർന്നതായി കേന്ദ്രം. ഫിസിക്കൽ-മെഡിക്കൽ ടെസ്റ്റുകൾ, എഴുത്തുപരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുൾപ്പെടെ കർക്കശമായ പരിശോധനകൾക്ക് ശേഷം ഏകദേശം 200 ഉദ്യോഗാർഥികളെയാണ് തെരഞ്ഞെടുത്തത്.
ഇവരെ ഇന്ത്യൻ ആർമിയുടെ 30 കേന്ദ്രങ്ങളിൽ പരിശീലനത്തിനായി നിയമിച്ചു. ഉദ്യോഗാർഥികൾ ഡിസംബർ 25നും 30നും ഇടയിൽ റിപ്പോർട്ട് ചെയ്യണം. പരിശീലനം 2023 ജനുവരി ഒന്നിന് ആരംഭിക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഈ വർഷം ജൂൺ 14നാണ് അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്.
പദ്ധതി പ്രകാരം 17നും 23നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. നാല് വർഷക്കാലയളവിലേക്കാണ് ഇവരുടെ നിയമനം. അഗ്നിവീർ ആയി തെരഞ്ഞെടുക്കുന്നവരിൽ 25 ശതമാനം പേർക്ക് പിന്നീട് സ്ഥിരനിയമനം നൽകും.
പദ്ധതി അവതരിപ്പിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ ഇതിനെതിരെ വൻ പ്രതിഷേധം നടന്നിരുന്നു. ദേശീയ സുരക്ഷയും പ്രതിരോധവും കൂടുതൽ ശക്തമാക്കുന്നതിനാണ് അഗ്നിപഥ് പദ്ധതി അവതരിപ്പിച്ചതെന്ന് സർക്കാർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.