അഗ്നിവീർ സേനാനികളെ ബി.ജെ.പി ഓഫിസ് കാവൽക്കാരാക്കാം; വിവാദ പ്രസ്താവനയുമായി ജനറൽ സെക്രട്ടറി
text_fieldsഇന്ദോർ: ബി.ജെ.പി ഓഫിസുകളുടെ സുരക്ഷ ചുമതല അഗ്നിവീർ സൈനികർക്ക് നൽകുമെന്ന പാർട്ടി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വർഗിയയുടെ പ്രസ്താവന വിവാദമായി. ഉന്നത നേതാവിന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നു. ബി.ജെ.പി ഓഫിസുകളുടെ സുരക്ഷ ചുമതല പ്രഫഷനൽ ഏജൻസികൾക്കു നൽകാൻ തീരുമാനിക്കുകയാണെങ്കിൽ താൻ അഗ്നിപഥ് സേവനമനുഷ്ഠിച്ചവരെ നിയമിക്കുമെന്നായിരുന്നു അദ്ദേഹം പ്രസ്താവിച്ചത്. എന്നാൽ, വിജയ്വർഗിയയുടെ പ്രസ്താവന സേനാവിഭാഗങ്ങളെ അവഹേളിക്കുന്നതിനു സമമാണെന്ന് വിമർശനമുയർന്നിരിക്കുകയാണ്. ബി.ജെ.പിയുടെതന്നെ എം.പിയായ വരുൺ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തുടങ്ങിയവർ പ്രസ്താവനയെ വിമർശിച്ചു. സമൂഹ മാധ്യമങ്ങളിലും നിരവധി പേർ വിമർശനവുമായി രംഗത്തുവന്നു. സേനകളെ അപമാനിച്ച വിജയ്വർഗിയ മാപ്പു പറയണമെന്ന് മധ്യപ്രദേശ് കോൺഗ്രസ് ആവശ്യപ്പെട്ടു.
സംഭവം വിവാദമായതിനെ തുടർന്ന് പ്രസ്താവനയെ ന്യായീകരിച്ച് വിജയ്വർഗിയ വിശദീകരണക്കുറിപ്പ് ഇറക്കി. അഗ്നിവീർ സേനാനികളുടെ വൈദഗ്ധ്യം അവർ ഇഷ്ടപ്പെടുന്ന ഏതു മേഖലയിൽ വേണമെങ്കിലും ഉപയോഗപ്പെടുത്താമെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് വിജയ്വർഗിയ പറഞ്ഞു. 'ടൂൾകിറ്റ് സംഘങ്ങളു'മായി ബന്ധമുള്ളവരാണ് സേനാനികളെ അവഹേളിക്കാനായി തന്റെ പ്രസ്താവന വളച്ചൊടിച്ചതെന്നും ബി.ജെ.പി നേതാവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.