ഹിന്ദു യുവതിക്കൊപ്പം പോയ മുസ്ലിം യുവാവിന്‍റെ വീട് ഹിന്ദുത്വ പ്രവർത്തകർ കത്തിച്ചു
text_fieldsആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ ഹിന്ദു യുവതിക്കൊപ്പം പോയ മുസ്ലിം യുവാവിന്‍റെ കുടുംബത്തിന്‍റെ രണ്ടു വീടുകൾ ഹിന്ദുത്വ പ്രവർത്തകർ കത്തിച്ചു. കഴിഞ്ഞദിവസമാണ് 22കാരിയായ യുവതിയെയും ജിംനേഷ്യം ഉടമയായ യുവാവിനെയും കാണാതായത്.
യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചാണ് ജനക്കൂട്ടം റുണാക്ത പ്രദേശത്തെ സാജിദിന്‍റെ വീടിനും സമീപത്തെ ബന്ധുവിന്‍റെ വീടിനും തീയിട്ടത്. തീവ്ര സംഘടനയായ ധരം ജാഗരൺ സമിതി പ്രവർത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു.
ആക്രമകാരികൾ പ്രദേശത്തെ കടകളും അടപ്പിച്ചു. പ്രദേശത്തെ പൊലീസ് പോസ്റ്റ് ചുമതലയുണ്ടായിരുന്ന പൊലീസുകാരനെ വീഴ്ചവരുത്തിയതിന് സസ്പെൻഡ് ചെയ്തു. സികന്ദ്ര സ്റ്റേഷൻ ഹൗസ് ഓഫിസർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കുറ്റം തെളിഞ്ഞാൽ സ്റ്റേഷൻ ഹൗസ് ഓഫിസർക്കെതിരെയും നടപടിയെടുക്കുമെന്ന് ആഗ്ര സീനിയർ പൊലീസ് സൂപ്രണ്ട് സുധീർ കുമാർ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
തിങ്കളാഴ്ചയാണ് യുവതിയെയും യുവാവിനെയും കണാതായത്. രണ്ടുദിവസത്തിനുശേഷം യുവതിയെ പൊലീസ് കണ്ടെത്തി. യുവതിയുടെ കുടുംബം നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സാജിദിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. താൻ പ്രായപൂർത്തിയായ ആളാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും യുവതി പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇരുവരും പ്രായപൂർത്തിയായവരാണെന്നും യുവതിയെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. വീടിന് തീവെച്ച ധരം ജാഗരൺ സമിതി പ്രവർത്തകർക്കെതിരെ കേസെടുത്ത പൊലീസ്, പ്രതികളെ ഉടൻ പിടികൂടുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.