വെള്ളക്കരവും വസ്തുനികുതിയും അടയ്ക്കുന്നില്ല; താജ്മഹൽ കണ്ടു കെട്ടുമെന്ന് ആഗ്ര നഗരസഭ
text_fieldsആഗ്ര: രാജ്യത്തിന്റെ അഭിമാനമായ പൈതൃക സ്മാരകം താജ്മഹലിന് വെള്ളക്കരവും വസ്തുനികുതിയും അടയ്ക്കുന്നില്ലെന്ന് ആഗ്ര നഗരസഭ. ഇതുസംബന്ധിച്ച് ആഗ്ര മുനിസിപ്പില്‍ കോര്‍പ്പറേഷൻ ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ചതായി എഎസ്‌ഐ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
വസ്തു നികുതിയായി 1.40 ലക്ഷവും വെള്ളക്കരമായി ഒരു കോടി രൂപയും അടക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് എഎസ്ഐ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് (ആഗ്ര സര്‍ക്കിള്‍) രാജ് പട്ടേല്‍ എഎന്‍ഐയോട് പറഞ്ഞു. 15 ദിവസത്തിനകം കുടിശ്ശിക തീർക്കാൻ എഎസ്ഐയോട് നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കിൽ താജ്മഹൽ കണ്ടുകെട്ടുമെന്ന് നോട്ടീസിൽ പറയുന്നു.
‘കണക്കെടുപ്പിനായി സംസ്ഥാനവ്യാപകമായി നടത്തിയ ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്) സർവേയുടെ അടിസ്ഥാനത്തിലാണ് പുതിയ നോട്ടീസുകൾ പുറപ്പെടുവിക്കുന്നത്. സർക്കാർ കെട്ടിടങ്ങൾ, ആരാധനാലയങ്ങൾ എന്നിവയുൾപ്പെടെ എല്ലാ സ്ഥലങ്ങൾക്കും നികുതി കുടിശ്ശികയുടെ അടിസ്ഥാനത്തിൽ നോട്ടീസ് നൽകിയിട്ടുണ്ട്. നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിച്ചാണ് ഇത് നൽകുന്നത്. എഎസ്ഐക്ക് നോട്ടീസ് നൽകിയ സാഹചര്യത്തിൽ, ആവശ്യമായ നടപടി സ്വീകരിക്കും’-ആഗ്ര മുനിസിപ്പൽ കമ്മീഷണർ നിഖിൽ ടി ഫണ്ടെ പറഞ്ഞു.
പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പണികഴിപ്പിച്ച ശവകുടീരമാണ് താജ്മഹല്‍. 1631ല്‍ തന്റെ ഭാര്യ മുംതാസിന്റെ സ്മരണയ്ക്കായിട്ടാണ് ഷാജഹാന്‍ ഈ കുടീരം പണികഴിപ്പിച്ചത്. ഇരുവരുടേയും സ്‌നേഹത്തിന്റെ പ്രതീകമായാണ് താജ്മഹല്‍ കണക്കാക്കപ്പെടുന്നത്. മുഗള്‍ വാസ്തുവിദ്യയുടെ പ്രധാന സവിശേഷതയായ ഒരു മസ്ജിദും അസംബ്ലി ഹാളും വിപുലമായ പൂന്തോട്ടങ്ങളുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. വെളുത്ത മാര്‍ബിള്‍ ഗോപുരത്തിന് 171 മീറ്റര്‍ ഉയരമുണ്ട്. പ്രധാന ശവകുടീര സമുച്ഛയത്തിന്റെ നാല് മൂലകളിലായി നാല് വലിയ മിനാരങ്ങള്‍ സ്ഥിതി ചെയ്യുന്നു.
യു.എന്നിന്റെ സയന്റിഫിക്, കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുള്ള സ്ഥലമാണ് താജ്മഹഹല്‍. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞതിലൂടെ യാത്രക്കാരുടെ പ്രിയപ്പെട്ട സ്ഥലമായി താജ്മഹല്‍ മാറിയെന്ന് സിറ്റാംഗോ ട്രാവൽ മാഗസിൻ പങ്കുവെച്ച ഡാറ്റ വെളിപ്പെടുത്തിയിരുന്നു. ഒരു മാസത്തില്‍ 14 ലക്ഷം പേര്‍ ഈ പൈതൃക കേന്ദ്രത്തെക്കുറിച്ച് അറിയാന്‍ തിരച്ചില്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.