ബലാത്സംഗം ചെയ്തയാളെ അറസ്റ്റ് ചെയ്തില്ല, യു.പിയിൽ പരസ്യമായി തുണിയുരിഞ്ഞ് യുവതിയുടെ പ്രതിഷേധം
text_fieldsആഗ്ര: തന്നെ ബലാത്സംഗം ചെയ്തയാളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഉത്തർപ്രദേശിലെ ആഗ്രയിൽ 20 വയസ്സുള്ള എൻജിനീയറിങ് വിദ്യാർഥിനി പൊതുജനമധ്യത്തിൽ സ്വയം തുണിയുരിഞ്ഞ് പ്രതിഷേധിച്ചു. പരാതി നൽകി 17 ദിവസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത യു.പി പൊലീസിന്റെ നടപടിയിൽ മനംനൊന്താണ് വിദ്യാർഥിനിയുടെ സാഹസം. ഞായറാഴ്ചയായിരുന്നു സംഭവം. ജമ്മുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എം.ടെക്കിന് പഠിക്കുന്ന 22 കാരനാണ് പ്രതി. തുണിയുരിഞ്ഞുള്ള പ്രതിഷേധം വിവാദമായതോടെ പ്രതിയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ബലാത്സംഗത്തെ തുടർന്ന് മാനസിക നില തകരാറിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആഗ്ര സർവകലാശാലയിൽ നിന്ന് ബിടെക് പൂർത്തിയാക്കിയ പ്രതി ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലക്കാരനാണെന്ന് പൊലീസ് പറഞ്ഞു. പരാതിയെ തുടർന്ന് കൂടുതൽ അന്വേഷണത്തിനായി പ്രതിയെ ആഗ്രയിലേക്ക് വിളിപ്പിച്ചുവെന്നും പെൺകുട്ടിയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചതായി തെളിഞ്ഞതോടെ അറസ്റ്റ് ചെയ്തുവെന്നും തിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
ആഗസ്റ്റ് 10നായിരുന്നു കേസിനാസ്പദമായ സംഭവം. ഓടുന്ന കാറിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്തതായി ലഖ്‌നോ സ്വദേശിനിയായ യുവതി ലോക്കൽ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആഗസ്റ്റ് 11ന് എഫ്.ഐ.ആർ ഫയൽ ചെയ്തെങ്കിലും പൊലീസ് തുടർനടപടി സ്വീകരിച്ചില്ല. പ്രതി ജമ്മുവിലായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് വൈകിപ്പിച്ചത്. തുടർദിവസങ്ങളിൽ യുവതി പൊലീസ് സ്റ്റേഷൻ സന്ദർശിക്കുകയും മുതിർന്ന ഉദ്യോഗസ്ഥരോട് നിരന്തരം കേസിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. നടപടിയില്ലാത്തതിനാൽ നിരാശയായ യുവതി ഞായറാഴ്ച പരസ്യമായി വസ്ത്രമുരിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു.
“ഉച്ചക്ക് ശേഷം സ്ത്രീ സ്വയം വസ്ത്രമുരിഞ്ഞ് പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. ഇത് ശ്രദ്ധയിൽ പെട്ട രണ്ടു സ്‌ത്രീകൾ പെട്ടെന്നുതന്നെ ഓടിയെത്തി അവളെ ഷാളും മറ്റുമുപയോഗിച്ച് പൊതിഞ്ഞു. അടുത്തുള്ള ക്ലിനിക്കിൽ കൊണ്ടുപോവുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. അവർ എത്തിയാണ് അവളെ മാനസികരോഗാശുപത്രിയിലേക്ക് കൊണ്ടുപോയത്’ -സംഭവത്തിന് ദൃക്സാക്ഷിയായ സാമൂഹിക പ്രവർത്തകൻ പറഞ്ഞു. ഞായറാഴ്ച വൈകീട്ടാണ് യുവതിയെആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി ഡയറക്ടർ പറഞ്ഞു. മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷം അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽപെടാത്തതിനാൽ മാതാവിനൊപ്പം അയച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.