കാർഷിക ബില്ലുകൾ ഇന്ന് രാജ്യസഭയിൽ; ബി.ജെ.പിയുടെ സഹായത്തിന് ചങ്ങാത്ത പാർട്ടികൾ
text_fieldsന്യൂഡൽഹി: കർഷകരുടെയും സഖ്യകക്ഷികളുടെയും കടുത്ത എതിർപ്പ് നേരിടുന്ന മൂന്നു കാർഷിക ബില്ലുകൾ ഞായറാഴ്ച രാജ്യസഭയുടെ പരിഗണനക്ക്. ഭരണ, പ്രതിപക്ഷ ചേരികൾ ബലാബലം നിൽക്കുന്ന രാജ്യസഭയിൽ എൻ.ഡി.എ സഖ്യത്തിനു പുറത്തെ ചങ്ങാത്ത പാർട്ടികൾ ബി.ജെ.പിയെ സഹായിക്കുമെന്നാണ് സൂചന.
പഞ്ചാബിലെയും ഹരിയാനയിലെയും സഖ്യകക്ഷികൾ ബി.ജെ.പി സഖ്യം അവസാനിപ്പിക്കാൻ തക്ക കർഷക സമ്മർദം നേരിടുന്നുണ്ടെങ്കിലും, ലോക്സഭ പാസാക്കിക്കഴിഞ്ഞ മൂന്നു ബില്ലുകളും രാജ്യസഭയിൽ കൂടി പാസാക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. ഹർസിമ്രത് കൗർ ബാദലിനെ കേന്ദ്രമന്ത്രിസഭയിൽ നിന്നു പിൻവലിച്ച ശിരോമണി അകാലിദളും മറ്റും എതിർത്ത് വോട്ട് ചെയ്യാനിരിക്കേ, സഹായം അഭ്യർഥിച്ച് ചങ്ങാത്ത പാർട്ടികളെ ബി.ജെ.പി സമീപിച്ചിട്ടുണ്ട്.
ബി.ജെ.ഡി, വൈ.എസ്.ആർ കോൺഗ്രസ്, എ.ഐ.എ.ഡി.എം.കെ എന്നിവ ബി.ജെ.പിയെ സഹായിക്കും. കോൺഗ്രസുമായി മഹാരാഷ്ട്രയിൽ സഖ്യത്തിലാണെങ്കിലും ശിവസേന ബില്ലിനെ പിന്തുണക്കും.
എൻ.സി.പി പിന്തുണയും ബി.ജെ.പി തേടിയിട്ടുണ്ട്. 243 അംഗങ്ങളുള്ള രാജ്യസഭയിൽ 10 പേർക്ക് കോവിഡ് ബാധിച്ചതിനാൽ ബില്ലിന് വേണ്ട ഭൂരിപക്ഷ കണക്കിൽ കുറവു വരുന്നത് ബി.ജെ.പിക്ക് ഗുണമാകും. പി.ചിദംബരം അടക്കം ഡസനിലേറെ പ്രതിപക്ഷാംഗങ്ങൾ ഞായറാഴ്ചത്തെ രാജ്യസഭ സമ്മേളനത്തിൽ പങ്കെടുക്കാനുള്ള പ്രയാസം മുൻകൂട്ടി അറിയിച്ചിട്ടുണ്ട്.
243 അംഗങ്ങളും ഹാജരായാൽ ബിൽ പാസാക്കാൻ വേണ്ടത് 122 പേരുടെ പിന്തുണയാണ്. ബി.ജെ.പിക്ക് 86 അംഗങ്ങളുണ്ട്. സഖ്യകക്ഷികളെ കൂടി ചേർത്താൽ 105 പേരാവും.
ഇതിനു പുറമെയാണ് ചങ്ങാത്ത പാർട്ടികളുടെ പിന്തുണ. വൈ.എസ്.ആർ കോൺഗ്രസിന് ആറും ടി.ആർ.എസിന് ഏഴും ബി.ജെ.ഡിക്ക് ഒമ്പതും അംഗങ്ങളുണ്ട്. ഉടക്കിയ ശിരോമണി അകാലിദളിന് മൂന്നു പേർ മാത്രം.
കോൺഗ്രസിന് 40 സീറ്റ്. ബി.എസ്.പി, സമാജ്വാദി പാർട്ടി, ആം ആദ്മി പാർട്ടി, സി.പി.എം, സി.പി.ഐ തുടങ്ങിയവരും കാർഷിക ബില്ലിനെ എതിർത്ത് വോട്ട് ചെയ്യും. പക്ഷേ, ബി.ജെ.പിക്ക് നേരത്തെ പല സന്ദർഭങ്ങളിലും കിട്ടിയ മേധാവിത്തം നിലനിർത്താൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.