കാർഷിക നിയമം; കർഷക സംഘടനകളുടെ നേതൃത്വത്തിൽ നവംബർ അഞ്ചിന് രാജ്യവ്യാപക റോഡ് ഉപരോധം
text_fieldsന്യൂഡൽഹി: വിവാദമായ രാഷ്ട്രീയ നിയമങ്ങൾക്കെതിരെ നവംബർ അഞ്ചിന് 500ഒാളം കർഷക സംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപക റോഡ് തടയൽ പ്രക്ഷോഭം.
സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ നവംബർ 26നും 27നും ഡൽഹിയിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചതിന് മുന്നോടിയായാണ് പ്രക്ഷോഭം. ഭാരതീയ കിസാൻ യൂനിയൻ, ഒാൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് മാർച്ച്. കാർഷിക നിയമങ്ങൾക്ക് പുറമെ വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെയും പ്രതിഷേധം ഉയരും.
ദില്ലി ചലോ മാർച്ചിൽ പഞ്ചാബിൽനിന്ന് മാത്രം 40,000ത്തിൽ അധികം കർഷകർ പെങ്കടുമെന്ന് കരുതുന്നതായി നേതാക്കൻമാർ പറഞ്ഞു. പഞ്ചാബിൽ ചരക്ക് ട്രെയിനുകൾ ഉൾപ്പെടെ കേന്ദ്ര റെയിൽവേ മന്ത്രാലയം നിർത്തലാക്കിയത് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിനാണെന്ന് കർഷക സംഘടനകൾ ആരോപിച്ചു. റെയിൽപാളത്തിലുള്ള കർഷകരുടെ പ്രതിഷേധം മുഴുവനായി അവസാനിപ്പിച്ചാൽ മാത്രമേ ചരക്കു ട്രെയിനുകൾ ഉൾപ്പെടെ പഞ്ചാബിൽ സർവിസ് നടത്തുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചിരുന്നു.
ഒക്ടോബർ 22ഒാടെ പഞ്ചാബിൽ ട്രെയിൻ തടയൽ സമരം അവസാനിപ്പിച്ചിരുന്നു. അമൃത്സറിന് സമീപം മാത്രമാണ് ഇപ്പോൾ ചില പ്രതിഷേധക്കാർ പാസഞ്ചർ ട്രെയിനുകളും പവർ പ്ലാൻറുകളിലേക്കുള്ള ട്രെയിനുകളും തടയുന്നതെന്നും ക്രാന്തികാരി കിസാൻ യൂനിയൻ നേതാവും പഞ്ചാബിൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം വഹിക്കുന്ന വ്യക്തിയുമായ ദർശൻ പാൽ പറഞ്ഞു.
ചരക്ക് ട്രയിനുകൾ എത്താതായതോടെ സംസ്ഥാനത്ത് അവശ്യ സാധനങ്ങൾക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. വളവും മറ്റു ലഭിക്കാതെയായി. അതിനാലാണ് റെയിൽറോക്കോ സമരം അവസാനിപ്പിച്ചത്. എന്നാൽ പ്രതിഷേധക്കാർക്ക് ചീത്തപ്പേര് നൽകാനാണ് ബി.ജെ.പിയുടെ ശ്രമം. ഇതിലൂടെ പഞ്ചാബിലെ ജനങ്ങളെയും കർഷകരെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം വഹിക്കുന്നതിനായി വി.എം. സിങ്, ബൽബീർ സിങ് രാജേവാൾ, ഗുർനാം സിങ്, രാജു ഷെട്ടി, യോഗേന്ദ്ര യാദവ് തുടങ്ങിയ നേതാക്കളെ ഉൾപ്പെടുത്തി കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.