കർഷക മാർച്ചിനിടെ എം.എസ്.പി നിരക്കിൽ ഉൽപന്നങ്ങൾ വാങ്ങുമെന്ന അവകാശവാദവുമായി കേന്ദ്ര കൃഷി മന്ത്രി
text_fieldsന്യൂഡൽഹി: എം.എസ്.പിക്ക് നിയമപരമായ ഗാരണ്ടി ഉൾപ്പെടെയുള്ള ആവശ്യങ്ങളുടെ പട്ടിക നിരത്തി കർഷകർ ഡൽഹിയിലേക്ക് കാൽനട മാർച്ച് ആരംഭിച്ചിരിക്കെ, മോദി സർക്കാർ എല്ലാ കാർഷിക ഉൽപന്നങ്ങളും മിനിമം താങ്ങുവിലക്ക് കർഷകരിൽനിന്ന് വാങ്ങുമെന്ന അവകാശ വാദവുമായി കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ. രാജ്യസഭയിലെ ചോദ്യോത്തര വേളയിൽ കർഷകർക്ക് മിനിമം താങ്ങുവില എന്ന വിഷയത്തിൽ മറുപടി പറയവെയാണ് മന്ത്രിയുടെ ഉറപ്പ്.
കർഷകരുടെ എല്ലാ ഉൽപന്നങ്ങളും മിനിമം താങ്ങുവിലക്ക് വാങ്ങുമെന്ന് നിങ്ങളിലൂടെ രാജ്യത്തിന് ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതാണ് മോദി സർക്കാരും മോദിയും നൽകുന്ന ഉറപ്പ് -ചൗഹാൻ സഭയെ അറിയിച്ചു. അപ്പുറത്തുള്ള ഞങ്ങളുടെ സുഹൃത്തുക്കൾ അധികാരത്തിലിരുന്നപ്പോൾ എം.എസ് സ്വാമിനാഥൻ കമീഷൻ ശിപാർശകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് അവർ രേഖാമൂലം പറഞ്ഞിരുന്നു. പ്രത്യേകിച്ച് ഉൽപാദനച്ചെലവിനേക്കാൾ 50 ശതമാനം കൂടുതൽ നൽകുന്നതിന്. എന്നാൽ, തനിക്കതിന് രേഖയുണ്ടെന്നും മന്ത്രി പറഞ്ഞു. മുൻ കൃഷി സഹമന്ത്രി കാന്തിലാൽ ഭൂരിയ, കൃഷി മന്ത്രിമാരായ ശരദ് പവാർ, കെ.വി തോമസ് എന്നിവരെ അദ്ദേഹം തന്റെ അവകാശവാദത്തെ പിന്തുണക്കാൻ പേരെടുത്തു പരാമർശിക്കുകയും ചെയ്തു.
‘കോൺഗ്രസ് ഒരിക്കലും കർഷകരെ ആദരിച്ചിട്ടില്ല. ലാഭകരമായ വിലകൾക്കായുള്ള കർഷകരുടെ ആവശ്യങ്ങൾ ഗൗരവമായി പരിഗണിച്ചിട്ടില്ല. 2019 മുതൽ 50 ശതമാനം ലാഭം നൽകി മിനിമം താങ്ങുവില കണക്കാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചതായി ഞാൻ നിങ്ങളിലൂടെ സഭക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു- മന്ത്രി അവകാശപ്പെട്ടു. നെല്ല് ഗോതമ്പ്, ജോവർ, സോയാബീൻ എന്നിവ മൂന്ന് വർഷം മുമ്പുള്ള ഉൽപാദനച്ചെലവിന്റെ 50 ശതമാനം കൂടുതലാണ് വാങ്ങുന്നതെന്നും മോദി സർക്കാർ ഇതിനകം കർഷകർക്ക് ലാഭകരമായ വില നൽകുകയാണെന്നും മന്ത്രി അവകാശപ്പെട്ടു.
എം.എസ്.പിയെ കുറിച്ച് കോൺഗ്രസ് അംഗം ജയറാം രമേശിന്റെ ചോദ്യത്തിന്, തനിക്ക് എം.എസ്.പിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അത് 50 ശതമാനത്തിലധികം ലാഭത്തിൽ നിജപ്പെടുത്തി കർഷകരുടെ ഉൽപന്നങ്ങളും വാങ്ങുമെന്നും ചൗഹാൻ പറഞ്ഞു. നിങ്ങൾ കർഷകരുടെ ഉൽപന്നങ്ങൾ വാങ്ങിയില്ല. ഞങ്ങൾ അത് വാങ്ങി ഉയർന്ന എം.എസ്.പി നിശ്ചയിക്കും. എനിക്ക് ‘കിസാൻ കി സേവ’ എന്നത് ‘ഭഗവാൻ കി പൂജ’ പോലെയാണ് - മന്ത്രി പറഞ്ഞു.
കാർഷിക വായ്പ എഴുതിത്തള്ളൽ ചട്ടക്കൂട് രൂപീകരിക്കുന്നത് സർക്കാർ പരിഗണിക്കുന്നുണ്ടോ എന്ന ആർ.ജെ.ഡി എം.പി മനോജ് കുമാർ ഝായുടെ ചോദ്യത്തിന് പകരം കർഷകരുടെ വരുമാനം വർധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ‘മോദി ജിയുടെ സർക്കാർ ദീർഘവീക്ഷണത്തോടെയാണ് പ്രവർത്തിക്കുന്നത്. ഞങ്ങൾ ഉൽപാദനം വർധിപ്പിക്കും, ഉൽപാദനച്ചെലവ് കുറക്കും, ഉൽപന്നങ്ങൾക്ക് ആദായകരമായ വില നൽകും, ഉൽപന്നങ്ങൾ നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം നൽകും, കൃഷിയിൽ വൈവിധ്യവൽക്കരണം കൊണ്ടുവരും, പ്രകൃതി കൃഷിയിലേക്ക് തിരിയുകയും കർഷകരുടെ വരുമാനം വർധിപ്പിക്കുകയും ചെയ്യും. അതിനാൽ കാർഷിക കടം എഴുതിത്തള്ളുന്നതിനെക്കുറിച്ച് ചോദ്യം ഉദിക്കുന്നില്ലെന്നും ചൗഹാൻ ഒഴിഞ്ഞുമാറി.
2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ഒന്നാം മോദി സർക്കാറിന്റെ വാഗ്ദാനം പ്രഖ്യാപനത്തിൽ തന്നെ ഒതുങ്ങി നിൽക്കവെയാണ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം. വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ഉയർന്ന കർഷക രോഷത്തിന്റെ പശ്ചാത്തലത്തിലും വാഗ്ദാനങ്ങൾക്ക് കുറവില്ലായിരുന്നു. അന്നു മുതലുള്ള ആവശ്യമാണ് മിനിമം താങ്ങുവില എന്നത്.
1967ൽ ആണ് മിനിമം താങ്ങുവില രാജ്യത്ത് ആവിഷ്കരിച്ചത്. ധാന്യങ്ങൾ, പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ, കൊപ്ര, പരുത്തി തുടങ്ങിയ വാണിജ്യ വിളകൾ ഉൾപ്പെടെ 23 വിളകൾക്കുള്ള വില പിന്തുണ പദ്ധതിയാണിത്. എന്നാൽ, എം.എസ്.പിക്ക് നിയമപരമായ സാധുതയില്ല. കാർഷിക ചെലവുകൾക്കും വിലകൾക്കും വേണ്ടിയുള്ള കമീഷന്റെ ഉപദേശം അനുസരിച്ച് എല്ലാ വർഷവും വിളകൾക്കുള്ള എം.എസ്.പി നിശ്ചയിക്കുന്നു. ആ നിർദേശം കേന്ദ്രമന്ത്രിസഭക്ക് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. കേന്ദ്ര ഗവൺമെന്‍റ് ചില സംസ്ഥാന സർക്കാറുകൾക്കൊപ്പം എം.എസ്.പി നിരക്കിൽ ഗോതമ്പും അരിയും സംഭരിക്കുന്നുണ്ട്. എന്നാൽ, തെരഞ്ഞെടുത്ത സംസ്ഥാനങ്ങൾക്ക് മാത്രമാണ് സംഭരണ ആനുകൂല്യം ലഭിക്കുന്നത്.
വിളകളുടെ വില സ്ഥിരതയില്ലായ്മയും ഇൻഷുറൻസ് പരിരക്ഷയുടെ ആവശ്യകതയുമാണ് എം.എസ്.പിയെ നിയമപരമായ ഗാരണ്ടിയാക്കുന്നതിനുവേണ്ടി കർഷകരെ തെരുവിലിറക്കുന്ന കാരണങ്ങളിൽ പ്രധാനം. വിലയിടിവിനെതിരെ ഇൻഷുറൻസ് ലഭ്യമാക്കുന്നതിൽ ‘പ്രധാനമന്ത്രി ഫസൽ ബീമാ യോജന‘ ഫലപ്രദമല്ലെന്നാണ് കർഷകരുടെ വാദം. കർഷക കുടുംബങ്ങൾ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങൾ മുൻനിർത്തി ഒരു എം.എസ്.പി നിയമം അനിവാര്യമാണെന്ന് അവർ പറയുന്നു.
2013ലും 2019ലും കാർഷിക കുടുംബങ്ങളുടെ സ്ഥിതി വിലയിരുത്തൽ നടത്തിയ ദേശീയ സാമ്പിൾ സർവേയിൽ പറയുന്നതനുസരിച്ച്, ഇക്കാലയളവിൽ കൂലിപ്പണിയിൽനിന്നുള്ള വരുമാനം കൃഷിയിൽ നിന്നുള്ള വരുമാനത്തെ മറികടക്കുന്നുവെന്നാണ്. 2019ൽ ഏകദേശം 10,000 രൂപയായിരുന്നു പ്രതിമാസ കർഷക കുടുംബവരുമാനം ദേശീയ ശരാശരിയേക്കാൾ വളരെ താഴെയാണ്. 50ശതമാനത്തോളം കുടുംബങ്ങളിലും കടബാധ്യത സ്ഥിരമായി നിലനിൽക്കുന്നു.
കർഷകരുടെ വരുമാന വളർച്ച 2004 മുതൽ 2011 വരെ പ്രതിവർഷം 3.4ശതമാനം ആയിരുന്നത് 2012 മുതൽ 2019 വരെ 2.5ശതമാനം ആയി കുറഞ്ഞു. അതിനാൽ, കർഷക കുടുംബങ്ങൾ പിന്നാക്കം പോകുന്നുവെന്നും സർവെ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.