അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കേസ്: അനുബന്ധ കുറ്റപത്രത്തിൽ ക്രിസ്ത്യൻ മിഷേൽ, രാജീവ് സക്സേന എന്നിവരും
text_fieldsന്യൂഡൽഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് വി.വി.ഐ.പി ഹെലികോപ്റ്റർ അഴിമതികേസിലെ അനുബന്ധ കുറ്റപത്രത്തിൽ ബ്രിട്ടീഷ് ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേൽ, രാജീവ് സക്സേന ഉൾപ്പെടെ 15 പേരെ ഉൾപ്പെടുത്തി സി.ബി.ഐ. വി.വി.ഐ.പികള്‍ക്കു സഞ്ചരിക്കാനായി 3600 കോടി രൂപയുടെ 12 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറില്‍ 450 കോടിയുടെ അഴിമതി നടന്നെന്ന കേസിലാണ് ഇവരെ അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.
ഹെലികോപ്റ്റര്‍ ഇടപാടിൽ ക്രിസ്റ്റ്യൻ മിഷേലിന്‍റെ പങ്ക്, അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന് കരാർ ലഭിക്കുന്നതിന് ഉദ്യോഗസ്ഥരെ സ്വാധീനിച്ച കാര്യങ്ങൾ, ദുബായിലെ ബിസിനസുകാരനായ രാജീവ് സക്സേനയുടെ സഹായത്തോടെ എങ്ങനെ ക്രിസ്റ്റ്യൻ മിഷേൽ കോഴ കൈപറ്റിയെന്നത്, സർക്കാർ ഉദ്യോഗസ്ഥർക്ക് പണം കൈമാറിയ വഴി എന്നിവ കുറ്റപത്രത്തിൽ പറയുന്നു.
എന്നാൽ കുറ്റപത്രത്തിൽ ആരോപിതരായ മുൻ പ്രതിരോധ സെക്രട്ടറി, സി.എ.ജി ശശികാന്ത് ശർമ്മ, മുൻ എയർ വൈസ് മാർഷൽ ജസ്ബീർ സിങ് പനേസർ എന്നിവരുടെ പേരുകളില്ല. വിചാരണ ചെയ്യാൻ അനുമതി ലഭിക്കാത്തതിനാലാണ് ശശികാന്ത് ശർമയുടെ പേര് സി.ബി.ഐ കുറ്റപത്രത്തിൽ ഉൾപ്പെടുത്താത്തത്. ഇടപാടിൽ നിരവധി രാഷ്ട്രീയ നേതാക്കളുടെ പേരുകളുണ്ടെങ്കിലും 15 പേരുൾപ്പെട്ട കുറ്റപത്രത്തിൽ രാഷ്ട്രീയ നേതാക്കളില്ലെന്നാണ് സൂചന.
ഇടപാടുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും നേരത്തേ ബ്രിട്ടൻ, യു.എ.ഇ, ഇറ്റലി, തുനീസിയ, മൗറിഷ്യസ് എന്നീ രാജ്യങ്ങളിൽ നിന്ന് സി.ബി.ഐ ശേഖരിച്ചിരുന്നു. 2018 ഡിസംബറിൽ യു.എ.ഇ ഇന്ത്യയ്ക്കു കൈമാറിയ ക്രിസ്റ്റ്യൻ മിഷേൽ നിലവിൽ ഡൽഹി തിഹാർ ജയിലിലാണ്.
2007ല്‍ യു.പി.എ സര്‍ക്കാരിന്‍റെ കാലത്താണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവരുടെ ആവശ്യങ്ങള്‍ക്കായി എ.ഡബ്ള്യു–101 ലക്ഷ്വറി ഹെലികോപ്ടറുകള്‍ വാങ്ങാന്‍ ഇറ്റാലിയന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടത്. 12 ഹെലികോപ്ടറുകള്‍ വാങ്ങാനായിരുന്നു ധാരണ. കരാര്‍ ലഭിക്കാൻ പണംകൊടുത്തെന്ന അഗസ്റ്റ വെസ്റ്റ്ലാൻഡ് മാതൃകമ്പനി ഫിന്‍മെക്കാനമിക്കയുടെ വെളിപ്പെടുത്തലോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് 2103ല്‍ കരാര്‍ റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.