തെലങ്കാന സന്ദർശനം; അമിത്ഷായോട് 27 ചോദ്യങ്ങളുമായി മന്ത്രി കെ.ടി. രാമറാവുവിന്‍റ കത്ത്
text_fieldsഹൈദരാബാദ്: തെലങ്കാന സന്ദർശനത്തിന് തയാറെടുക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് സംസ്ഥാന മന്ത്രിയും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ മകനുമായ കെ.ടി. രാമറാവുവിന്‍റ തുറന്ന കത്ത്. കേന്ദ്ര സർക്കാർ തെലങ്കാനയോട് കാണിക്കുന്ന അവഗണനക്കും ബി.ജെ.പിയുടെ നയങ്ങൾക്കുമെതിരേയാണ് 27 ചോദ്യങ്ങളടങ്ങിയ കത്ത് ഷാക്ക് അയച്ചത്.
തെലങ്കാനയിലെ ജനങ്ങൾക്കിടയിൽ ബി.ജെ.പി വിദ്വേഷം പടർത്തുകയാണെന്ന് തെലങ്കാന രാഷ്ട്ര സമിതിയുടെ വർക്കിങ് പ്രസിഡന്‍റുകൂടിയായ രാമറാവുവിന്‍റെ കത്തിൽ പറയുന്നു. തെലങ്കാനക്ക് നൽകിയ ഒരു വാഗ്ദാനവും കേന്ദ്ര സർക്കാർ നിറവേറ്റിയില്ല. എന്നാൽ, ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ സാധിച്ചുകൊടുക്കുന്നുവെന്നും അദ്ദേഹം കത്തിൽ ആരോപിച്ചു.
കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മെഡിക്കൽ കോളജുകൾ എന്നിവയുടെ അപര്യാപ്തതയെക്കുറിച്ചും കത്തിലുണ്ട്. തെലങ്കാനയിലെ ജലസേചന പദ്ധതിക്ക് ദേശീയ പദവി നൽകുമെന്നായിരുന്നു അന്തരിച്ച ബി.ജെ.പി നേതാവ് സുഷമ സ്വരാജിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ, ഇതിന്നും വാഗ്ദാനം മാത്രമായി തുടരുകയാണ്. വിവിധ വിഷയങ്ങളിൽ ബി.ജെ.പിയുടെ അറിവില്ലായ്മയേയും നടപ്പാക്കാത്ത വാഗ്ദാനങ്ങങ്ങളെക്കുറിച്ചുമാണ് കത്തിലെ ചോദ്യങ്ങൾ.
എട്ട് വർഷമായി തെലങ്കാനക്ക് അനുവദിച്ച കേന്ദ്രഫണ്ടിനെക്കുറിച്ചും രാമറാവു ഷായോട് ചോദിച്ചു. കത്തിനോട് അമിത് ഷായോ ബി.ജെ.പിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബി.ജെ.പി നടത്തുന്ന രണ്ടാംഘട്ട പ്രജാസംഗമ യാത്രയുടെ സമാപന പൊതുസമ്മേളനത്തിൽ സംസാരിക്കാനാണ് അമിത്ഷാ തെലങ്കാനയിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.