നോയിഡയിൽ കണക്കിൽപ്പെടാത്ത പണം പിടികൂടി, പണം ഒളിപ്പിച്ചത് വാഷിങ് പൗഡർ സൂക്ഷിച്ച പെട്ടിയിൽ
text_fieldsനോയിഡ: ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ കൊണ്ടുവന്ന കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തു. ടാറ്റ ഹാരിയർ കാറിനുള്ളിൽ വാഷിങ് പൗഡർ സൂക്ഷിച്ച പെട്ടികളിൽ ഒളിപ്പിച്ച 4.72 ലക്ഷം രൂപയാണ് നോയിഡ പൊലീസ് കണ്ടെടുത്തത്.
പണം ലാമിനേറ്റ് ചെയ്ത നിലയിലാണ് പെട്ടിയിൽ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ കാറിൽ യാത്ര ചെയ്ത അരുൺ സക്‌സേന, സഞ്ജീവ് കുമാർ ഝാ എന്നിവരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പണത്തിന്‍റെ ഉടമസ്ഥൻ ആരാണെന്നതടക്കമുള്ള കാര്യങ്ങളിൽ തൃപ്തികരമായ ഉത്തരം നൽകാൻ ഇരുവർക്കും സാധിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.
പണം പിടിച്ചെടുത്തതായും കേസ് രജിസ്റ്റർ ചെയ്യുന്നതടക്കം നിയമനടപടികൾ സ്വീകരിക്കുമെന്നും നോയിഡ പൊലീസ് അറിയിച്ചു.
കണക്കിൽപ്പെടാത്ത 99 ലക്ഷം രൂപ കഴിഞ്ഞ ദിവസം രണ്ടു പേരിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് 4.72 ലക്ഷം രൂപ കൂടി പൊലീസ് പരിശോധനയിൽ കണ്ടെത്തുന്നത്.
യു.പിയിൽ ഫെബ്രുവരി 10ന് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഡൽഹി, ഹരിയാന സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഗൗതം ബുദ്ധ നഗറിലെ നോയിഡ, ഗ്രേറ്റർ നോയിഡ മേഖലകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.