ഉവൈസിയുടെ പാർട്ടിക്ക് വോട്ട് ചെയ്യുക എന്നത് വിഭജനത്തിന് വോട്ടുചെയ്യുന്നതിന് തുല്യമെന്ന് കേന്ദ്ര മന്ത്രി ജാവദേക്കർ
text_fieldsഹൈദരാബാദ്: അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിന് വോട്ടുചെയ്യുക എന്നത് വിഭജനത്തിന് വോട്ടു ചെയ്യുന്നതിന് തുല്യമാണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. വരാനിരിക്കുന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ (ജി.എച്.എം.സി) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ബി.ജെ.പിയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ദുബ്ബക്ക ഉപതെരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കുമറിയാം, ബി.ജെ.പി അത് ഹൈദരാബാദിലും ആവർത്തിക്കാൻ പോകുന്നു. ബി.ജെ.പിയുടെയോ എ.ഐ.എം.ഐ.എമ്മിന്‍റെയോ മേയറെ വേണമെന്നത് നിങ്ങൾക്ക് തീരുമാനിക്കാം' -അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനും ടി.ആർ.എസിനും വോട്ടുചെയ്യുക എന്നാൽ എ.ഐ.എം.ഐ.എമ്മിന് വോട്ടുചെയ്യുക എന്നാണ്. എ.ഐ.എം.ഐ.എമ്മിന് വോട്ടുചെയ്യുക എന്നാൽ വിഭജനത്തിന് വോട്ടുചെയ്യുകയാണെന്നും ജാവദേക്കർ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ 60 പരാജയങ്ങൾ ഉൾക്കൊള്ളുന്ന 'ആരോപ് പത്ര'യുമായി ബി.ജെ.പി മുന്നോട്ട് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെയും ജാവദേക്കർ വിമർശിച്ചു. റാവുവിന്‍റെയും സുഹൃത്തുക്കളുടെയും സ്വത്തുക്കൾ വർധിച്ചുകൊണ്ടിരിക്കുമ്പോൾ മറുവശത്ത് തെലങ്കാനയുടെ സ്വത്തുക്കൾ കുറയുന്നു. അതുകൊണ്ടാണ് 6 വർഷത്തിനിടെ സംസ്ഥാന സർക്കാരിന്‍റെ 60 പരാജയങ്ങൾ ഉൾക്കൊള്ളുന്ന 'ആരോപ് പത്ര' ബി.ജെ.പി മുന്നോട്ട് വച്ചതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സാധ്യതകളെക്കുറിച്ചും ജാവദേക്കർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഡിസംബർ ഒന്നിനാണ് തെരഞ്ഞെടുപ്പ്. 4 ന് വോട്ടെണ്ണും. നേരത്തേ ബി.ജെ.പി വിരുദ്ധ മുന്നണി രൂപവത്കരിക്കാൻ ആഹ്വാനവുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു രംഗത്തെത്തിയിരുന്നു. ബി.ജെ.പി വിരുദ്ധ പാർട്ടികളിലെ നേതാക്കൾ കേന്ദ്ര സർക്കാറിനെതിരെ സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ബി.ജെ.പി വിരുദ്ധരായ നേതാക്കളെ പങ്കെടുപ്പിച്ച് ഡിസംബർ രണ്ടാം വാരം ഹൈദരാബാദിൽ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.