സി.പി.ഐ ആസ്ഥാനത്തെ സ്വന്തം മുറിയിലെ എ.സി കനയ്യ അഴിച്ചുകൊണ്ടുപോയെന്ന് റിപ്പോർട്ട്
text_fieldsപട്ന: കോൺഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പട്‌ന സി.പി.ഐ ആസ്ഥാനത്തെ മുറിയിൽ സ്വന്തം ചെലവില്‍ സ്ഥാപിച്ച എയർ കണ്ടീഷൻ അഴിച്ചു കൊണ്ടു പോയി കനയ്യ കുമാർ. കനയ്യ കുമാര്‍ വാങ്ങി ഘടിപ്പിച്ച എ.സി ഏതാനും ദിവസം മുമ്പ് അദ്ദേഹം തന്നെ അഴിച്ചുകൊണ്ടുപോയതായി സി.പി.ഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി റാം നരേഷ് പാണ്ഡെ സ്ഥിരീകരിച്ചു.കനയ്യ സ്വന്തം നിലയ്ക്ക് സ്ഥാപിച്ച എസിയാണെന്നും തിരികെ കൊണ്ടുപോയതില്‍ അപാകതയില്ലെന്നും റാം നരേഷ് പാണ്ഡെ പറഞ്ഞു.
'കനയ്യ കോൺഗ്രസിൽ ചേരില്ലെന്നാണ് ഇപ്പോഴും പ്രതീക്ഷ. കാരണം അദ്ദേഹത്തിന്റെ മനസ്സ് കമ്യൂണിസ്റ്റിന്റേതാണ്. ഇത്തരം ആളുകൾ അവരുടെ പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു നിൽക്കുന്നവരാകും. സെപ്തംബർ നാലിനും അഞ്ചിനും ഡൽഹിയിൽ നടന്ന പാർട്ടി ദേശീയ നിർവാഹക സമിതിയിൽ കനയ്യ പങ്കെടുത്തതാണ്. ആ യോഗത്തിൽ അദ്ദേഹം ഏതെങ്കിലും തസ്തിക ആവശ്യപ്പെടുകയോ പാർട്ടി വിടുമെന്ന സൂചന നൽകുകയോ ചെയ്തിരുന്നില്ല' - പാണ്ഡെ പറഞ്ഞു.
ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡണ്ടായ കനയ്യ ഡല്‍ഹി എ.ഐ.സി.സി ആസ്ഥാനത്ത് വെച്ച് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. കനയ്യക്കൊപ്പം കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ച രാഷ്ട്രീയ ദലിത് അധികാർ മഞ്ച് നേതാവ് ജിഗ്നേഷ് മേവാനി മറ്റൊരു ദിവസം പാർട്ടിയിൽ ചേരുമെന്നാണ് റിപ്പോർട്ട്.
ഡെ.എൻ.യുവിൽ വിദ്യാർഥി നേതാവായിരിക്കെ ദേശീയതലത്തിൽ തന്നെ ഏറെ ശ്രദ്ധനേടിയ കനയ്യക്ക് ബിഹാറിലെ പാർട്ടി ശക്തിപ്പെടുത്താനുള്ള ചുമതലയായിരിക്കും കോൺഗ്രസ് നൽകുക. രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബേഗുസെരായ് മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബി.ജെ.പിയുടെ ഗിരിരാജ് സിങ്ങിനോട് നാലു ലക്ഷത്തിലേറെ വോട്ടിനാണ് പരാജയപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.