രാഹുലിനൊപ്പം 'കൈ'കോർത്ത് കനയ്യയും മേവാനിയും
text_fieldsന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ പോരാട്ട വീര്യം തുളുമ്പുന്ന യുവമുഖങ്ങളായ കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ഇനി കോൺഗ്രസിനൊപ്പം. എ.ഐ.സി.സി ആസ്ഥാനത്ത് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ കനയ്യകുമാർ പാർട്ടി അംഗത്വം സ്വീകരിച്ചപ്പോൾ, ഒപ്പം തന്നെ കോൺഗ്രസിൽ ചേരാനിരുന്ന ജിഗ്നേഷ് മേവാനിക്ക് സാങ്കേതിക കാരണങ്ങളാൽ അതിന് കഴിഞ്ഞില്ല. എന്നാൽ, തെൻറ പാർട്ടിയുടെ പിന്തുണ കോൺഗ്രസിനെ അറിയിച്ച് ജിഗ്നേഷ്, കനയ്യക്കൊപ്പം കോൺഗ്രസ് ആസ്ഥാനത്തെ ചടങ്ങിൽ പങ്കെടുത്തു.
ഗുജറാത്തിൽ രാഷ്ട്രീയ ദലിത് അധികാർ മഞ്ചിെൻറ കൺവീനറാണ് ജിഗ്നേഷ്. കോൺഗ്രസിൽ ഔപചാരികമായി ചേർന്നാൽ എം.എൽ.എ സ്ഥാനത്തിന് അയോഗ്യത കൽപിക്കപ്പെടാമെന്ന സാഹചര്യം മുൻനിർത്തിയാണ് അദ്ദേഹത്തിെൻറ കോൺഗ്രസ് പ്രവേശനം നീട്ടിയത്. എന്നാൽ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കുമെന്ന് ജിഗ്നേഷ് വ്യക്തമാക്കിയിട്ടുണ്ട്.
എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയ കനയ്യകുമാർ ഗാന്ധിജി, അംബേദ്കർ, ഭഗത്സിങ് എന്നിവരുടെ ചിത്രങ്ങൾ രാഹുൽ ഗാന്ധിക്ക് കൈമാറിയാണ് കോൺഗ്രസിലേക്ക് ചുവടുവെച്ചത്. അതിനു മുമ്പ് സി.പി.ഐക്ക് രാജിക്കത്ത് കൈമാറി. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന വാർത്തസമ്മേളനത്തിൽ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ട്രഷറർ പവൻ ബൻസൽ എന്നിവർ കനയ്യയേയും ജിഗ്നേഷിനെയും മൂവർണ ഷാൾ അണിയിച്ച് കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു.
ഗുജറാത്ത് പി.സി.സി പ്രസിഡൻറ് ഹാർദിക് പട്ടേൽ, കനയ്യയുടെ സ്വദേശമായ ബിഹാറിൽ പി.സി.സി പ്രസിഡൻറ് ചുമതല വഹിക്കുന്ന ഭക്തചരൺദാസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. കനയ്യക്ക് ബിഹാറിലും ജിഗ്നേഷിന് ഗുജറാത്തിലും ഭാവിയിൽ നേതൃപരമായ പങ്ക് കോൺഗ്രസ് നൽകാനിരിക്കേയാണിത്.
ഇന്ത്യയെന്ന ആശയത്തിെൻറയും ഭരണഘടനയുടെയും സംരക്ഷണത്തിന് വേണ്ടിയാണ് കോൺഗ്രസ് തെരഞ്ഞെടുക്കുന്നതെന്ന് കനയ്യയും ജിഗ്നേഷും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും പഴക്കവും ജനാധിപത്യ പാരമ്പര്യവുമുള്ള പാർട്ടിയിൽ നിന്നുകൊണ്ടാണ് അതിന് കൂടുതൽ സാധിക്കുക.
കോൺഗ്രസ് ശക്തിപ്പെട്ടാൽ മഹാത്മ ഗാന്ധിയുടെ ഒരുമ, ഭഗത്സിങ്ങിെൻറ ധീരത, അംബേദ്കറുടെ തുല്യത സങ്കൽപങ്ങൾ സംരക്ഷിക്കപ്പെടും. ഒരു പ്രത്യേക ആശയം ഇന്ത്യയുടെ മൂല്യവും സംസ്കാരവും ചരിത്രവും ഭാവിയൂം തകർക്കാൻ ശ്രമിക്കുകയാണെന്ന് കനയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.