നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം മിസോറാമിൽ പ്രചാരണം നടത്തും
text_fieldsഐസ്‌വാൾ: നവംബർ ഏഴിന് നടക്കുന്ന മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം മിസോറാമിൽ പ്രചാരണം നടത്തും.
തിങ്കളാഴ്ച മുതൽ അദ്ദേഹം സംസ്ഥാനത്തുണ്ടാകുമെന്നും ആദ്യ ദിവസം ചന്ദ്‌മാരി ജംഗ്‌ഷൻ മുതൽ ഐസ്‌വാളിലെ ട്രഷറി ഭവൻ വരെ ജനങ്ങളുമായി ആശയവിനിമയം നടത്തുമെന്നും എ.ഐ.സി.സി മീഡിയ കോർഡിനേറ്ററും മിസോറമിന്റെ ചുമതലക്കാരനുമായ മാത്യു ആന്റണി പറഞ്ഞു.
സംഘടനാപരവും പ്രചാരണവുമായി ബന്ധപ്പെട്ട നിരവധി പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ബുധനാഴ്ച അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും. 40 നിയമസഭാ സീറ്റുകളിലും പാർട്ടി സ്ഥാനാർത്ഥികളെ നിർത്തുന്നുണ്ട്.
നിലവിൽ മിസോറാമിൽ കോൺഗ്രസിന് അഞ്ചു നിയമസഭാംഗങ്ങളാണുള്ളത്. പ്രാദേശിക പാർട്ടികളായ പീപ്പിൾസ് കോൺഫറൻസ് (പി.സി), സോറം നാഷനലിസ്റ്റ് പാർട്ടി (സെഡ്.എൻ.പി) എന്നിവരുമായി കോൺഗ്രസ് അടുത്തിടെ ‘മിസോറാം സെക്കുലർ അലയൻസ്’ (എം.എസ്.എ) എന്ന പേരിൽ സഖ്യം രൂപീകരിച്ചിരുന്നു. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടാനാണ് സഖ്യം രൂപീകരിച്ചത്. 2014ൽ കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നതുമുതൽ ന്യൂനപക്ഷ സമുദായങ്ങളെ, പ്രത്യേകിച്ച് ആദിവാസികളെ തകർക്കാനും ഹിന്ദു രാജ്യം സ്ഥാപിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങൾ നടത്തുകയാണെന്നും ക്രിസ്ത്യാനികൾ സുരക്ഷിതരല്ലാത്ത രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയെന്നും മിസോറാം സെക്കുലർ അലയൻസ് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.