പട്ടേൽ എന്ന ട്രബ്ൾ ഷൂട്ടർ; എട്ടുതവണ എം.പിയായിട്ടും മന്ത്രിയായില്ല
text_fieldsന്യൂഡൽഹി: 2017ൽ ഗുജറാത്തിൽനിന്നുള്ള രാജ്യസഭ പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് ഏറെ ഉദ്വേഗജനകമായിരുന്നു. അഹ്മദ് പട്ടേലാണ് കോൺഗ്രസ് സ്ഥാനാർഥി. ഇദ്ദേഹത്തെ പരാജയപ്പെടുത്താൻ സാക്ഷാൽ അമിത് ഷാ തന്നെ പഠിച്ച പണി പതിനെട്ടും പയറ്റി. കുതിരക്കച്ചവടം നടത്തി കോണ്‍ഗ്രസ് എം.എൽ.എമാരെ വിലക്കെടുത്തിട്ടും പട്ടേൽ അനായാസം ജയിച്ചുകയറി. അതായിരുന്നു പട്ടേൽ. ഏത് പ്രതിസന്ധിയേയും തരണം ചെയ്യാൻ കഴിവുള്ള ട്രബ്ൾ ഷൂട്ടർ. രാജീവ് ഗാന്ധിയുടെ കാലം മുതൽ ദേശീയരാഷ്ട്രീയത്തിലുള്ള അനുഭവസമ്പത്തുമായി പാർട്ടിക്ക് വേണ്ടി സമർപ്പിച്ച ജീവിതം.
1976ൽ ഗുജറാത്തിലെ ബറൂച്ചില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ചാണ് അഹമ്മദ് പട്ടേൽ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തൊട്ടടുത്ത വർഷം 28ാം വയസില്‍ ബറൂച്ചില്‍നിന്ന് ലോക്സഭയിലേക്ക് വിജയിച്ചതോടെ ഡൽഹി രാഷ്ട്രീയത്തിലേക്കുള്ള യാത്രക്ക് കളമൊരുങ്ങി. പാർട്ടിയുടെ സംസ്ഥാന, കേന്ദ്ര കമ്മറ്റികളിൽ സുപ്രധാന സ്ഥാനങ്ങൾ അലങ്കരിച്ചു. 1985 ജനുവരി മുതൽ സെപ്റ്റംബർ വരെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പാര്‍ലമെൻററി സെക്രട്ടറിയായി. രണ്ടുതവണ കൂടി ലോക്സഭയിലേക്ക് ജയിച്ച പട്ടേല്‍ 1990 ൽ തോറ്റു. പിന്നീട് അഞ്ചുതവണ അദ്ദേഹം രാജ്യസഭാംഗമായി.
എട്ടുതവണ പാർലമെൻറിലെത്തിയിട്ടും ഒരു മന്ത്രിസഭയുടെയും ഭാഗമായില്ല പട്ടേൽ. രാഹുൽ ഗാന്ധി അനുസ്മരിച്ചത് പോലെ, കോൺഗ്രസിന് വേണ്ടി ശ്വസിക്കുകയും ജീവിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു. യു.പി.എ സർക്കാർ രൂപവത്കരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച പട്ടേൽ, സോണിയാ ഗാന്ധിയുടെ വലംകൈയ്യായിരുന്നു. രാഷ്ട്രീയകാര്യ സെക്രട്ടറിയായി അണിയറയിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചു. ഗുജറാത്ത് കലാപവേളയിൽ സംഘ്പരിവാർ ക്രിമിനലുകൾ തീവെച്ച് കൊലപ്പെടുത്തിയ ഇഹ്സാൻ ജഫ്രിക്ക് ശേഷം ഗുജറാത്തിൽനിന്ന് ലോക്സഭ എംപിയായി തെരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ മുസ്ലിം കൂടിയാണ് പട്ടേൽ. അദ്ദേഹത്തിൻെറ വിയോഗം കോൺഗ്രസിന് സൃഷ്ടിക്കുന്ന നഷ്ടം ചെറുതായിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.