അക്രഡിറ്റേഷൻ റദ്ദാക്കൽ: മാധ്യമപ്രവർത്തകരെ വേട്ടയാടാനുള്ളത് -അഹ്മദ് പട്ടേൽ
text_fieldsന്യൂഡൽഹി: അധികാരികൾക്കെതിരെ വാർത്തകൾ നൽകാതിരിക്കുന്നതിന് മുൻകരുതലായാണ് സർക്കാർ വ്യാജവാർത്ത റിപ്പോർട്ട് ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന തരത്തിൽ മുന്നോട്ട് വന്നതെന്ന് കോൺഗ്രസ് നേതാവ് അഹ്മദ് പട്ടേൽ. ഇത് മാധ്യമപ്രവർത്തകരെ ഉപദ്രവിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ നിയമത്തിൽ തനിക്ക് ആശങ്കയുണ്ട്. സത്യസന്ധരായ റിപ്പോർട്ടർമാർക്കെതിരെ ഈ നിയമം നടപ്പാക്കാനിടയുണ്ട്. വാർത്തകളെ ആരാണ് വ്യാജമെന്നും യഥാർഥമെന്നും തരംതിരിക്കുക, അന്വേഷണം നടക്കുമ്പോൾ തന്നെ അക്രഡിറ്റേഷൻ റദ്ദാക്കാനാവുമോയെന്നും അഹ്മദ് പട്ടേൽ ചോദിച്ചു.
അതേസമയം, ഇക്കാര്യത്തിൽ സർക്കാറല്ല നടപടിയെടുക്കുകയെന്നും പ്രസ് കൗൺസിൽ ഒാഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ എന്നീ സ്ഥാപനങ്ങളാണെന്നും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചു. ഈ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് സർക്കാറല്ലെന്നും അവർ വ്യക്തമാക്കി.
വ്യാജ വാർത്ത നൽകുന്ന മാധ്യമ പ്രാവർത്തകരുടെ അക്രഡിറ്റേഷൻ സ്ഥിരമായി റദ്ദാക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. വലിയ ഭീഷണിയുയർത്തുന്ന തരത്തിലുള്ള ഉള്ളടക്കം അടങ്ങിയ വ്യാജ വാർത്തകൾ രൂപീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമ പ്രവർത്തകരുടെ അക്രഡിറ്റേഷനാണ് എന്നത്തേക്കുമായി റദ്ദാക്കുകയെന്നാണ് സർക്കാർ അറിയിച്ചത്.
മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ നിയമാവലി ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തെന്ന് തെളിഞ്ഞാൽ ആദ്യമായാണെങ്കിൽ ആറുമാസത്തേക്ക് അക്രഡിറ്റേഷൻ റദ്ദാക്കും. രണ്ടാം തവണയും കുറ്റം ആവർത്തിച്ചാൽ ഒരു വർഷത്തേക്കും മൂന്നാം തവണയാെണങ്കിൽ സ്ഥിരമായും അക്രഡിറ്റേഷൻ റദ്ദാക്കുമെന്ന് വാർത്താ വിനിമയ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.